Connect with us

Kerala

നെന്‍മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്കെതിരായ മൊഴി മാറ്റി നാല് സാക്ഷികള്‍; മൊഴിയിലുറച്ച് പുഷ്പ

പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു

Published

|

Last Updated

പാലക്കാട്  | നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്കെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ മൊഴി മാറ്റി. കേസില്‍ നിര്‍ണായകമായ സാക്ഷികളാണ് മൊഴി തിരുത്തിയിരിക്കുന്നത്. പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. ചെന്താമര സുധാകരനെതിരെ വധഭീഷണി മുഴക്കിയിരുന്നുവെന്ന പറഞ്ഞ നാട്ടുകാരനും മൊഴിയില്‍ നിന്നും പിന്‍വാങ്ങി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. അതേസമയം കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി ചെന്താമര മൊഴി നല്‍കിയ അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനില്‍ക്കുന്നത്. പുഷ്പയെ കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ചെന്താമര കസ്റ്റഡിയില്‍ വെച്ച് മൊഴി നല്‍കിയിരുന്നു. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍ നാട്ടിലെത്താതിരിക്കാന്‍ പോലീസില്‍ പരാതി കൊടുത്തതില്‍ പുഷ്പയ്ക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞിരുന്നു.

ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

 

Latest