Connect with us

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; സുധാകരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി മന്ത്രി ഉറപ്പു നല്‍കി: ചെന്നിത്തല

നഴ്‌സിങ് പാസായ അതുല്യക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പെന്ന് ചെന്നിത്തല

Published

|

Last Updated

പാലക്കാട് | നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകള്‍ അതുല്യക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഴ്‌സിങ് പാസായ അതുല്യക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പെന്ന് ചെന്നിത്തല പറഞ്ഞു.

കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്ന കുഴല്‍മന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തി ആശ്വസിപ്പിച്ച ശേഷമാണ് ചെന്നിത്തല ആരോഗ്യ മന്ത്രിയെ ഫോണില്‍ വിളിച്ചത്. അതുല്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും മന്ത്രി ഉറപ്പ് നല്‍കുകയുമായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ മകള്‍ അഖിലയുടെ വിദ്യാഭ്യാസം വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതിനു മുന്നോടിയായി രണ്ട് ദിവസത്തിനകം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കും. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയിലെ ഫണ്ടില്‍ നിന്ന് അരലക്ഷം രൂപ ആദ്യ ധനസഹായമായി കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

Latest