Connect with us

Kerala

നെന്മാറ ഇരട്ടക്കൊല; പ്രതിക്കായി വ്യാപക തിരച്ചിൽ: അന്വേഷണ സംഘം തിരുപ്പൂരിൽ നിന്ന് മടങ്ങി

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

Published

|

Last Updated

പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം നടത്തിയതിനു ശേഷം പ്രതി ഒളിവില്‍ പോയെന്ന് കരുതുന്ന വനത്തിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ രാവിലെ മുതല്‍ പരിശോധന തുടരും.
കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.പ്രതിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രീകരിച്ചു വ്യാപിപ്പിച്ചിരുന്നു.എന്നാല്‍ പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പോലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്നും മടങ്ങി.ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്.

ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

Latest