Kerala
നെന്മാറ ഇരട്ടക്കൊല: പോലീസ് വീഴ്ച ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്, സംഘര്‍ഷം
നെന്മാറ കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് പോലീസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കണം.

പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്. സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചത് സംഘര്‍ഷ സ്ഥിതിയുണ്ടാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും മറ്റ് നേതാക്കളും ചേര്‍ന്ന് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.
നെന്മാറ കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് പോലീസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കണം. ജാമ്യവ്യവസ്ഥ ലംലിച്ച് പ്രതിയെത്തിയത് പൊലീസിന്റെ പ്രതിയോടുള്ള വിധേയത്വം കൊണ്ടാണ്. പൊലീസിന് നല്‍കുന്ന പണം കൊണ്ട് നാല് കോലം കെട്ടിവെക്കുന്നതാണ് നല്ലതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.