Kerala
നേര്യമംഗലം മണിയന്‍പാറ അപകടം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
അപകടത്തില്‍ യുവതി മരിക്കുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊച്ചി | നേര്യമംഗലത്തിന് സമീപം മണിയന്‍പാറയില്‍ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അപകടത്തില്‍ യുവതി മരിക്കുകയും 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവല്‍ ആക്സിഡന്റ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഇനിയും ഇത്തരത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.