Connect with us

NET

ഒന്നും രണ്ടുമല്ല ആറ് വിഷയങ്ങളില്‍ നെറ്റ്, രണ്ട് ജെ ആര്‍ എഫും; ദേശീയ റെക്കോര്‍ഡ് ഇനി ഈ മലയാളിയുടെ പേരിൽ

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളില്‍ നെറ്റ് യോഗ്യതയും അതില്‍ തന്നെ രണ്ട് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പും നേടി അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട്‌ സ്വദേശിയായ അനീസ് പൂവത്തി. നേരത്തേ ഈ നേട്ടം അമിത് കുമാര്‍ നിരഞ്ജൻ എന്ന കാണ്‍പൂര്‍ സ്വദേശിയുടെ പേരിലായിരുന്നു. ആറ് വിഷയങ്ങളിലാണ്‌ നിരഞ്ജന്‍ നെറ്റ് നേടിയിരുന്നത്.

ടൂറിസം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ്‌ റിലീജിയന്‍, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ നേരത്തേ നെറ്റ് ഉണ്ടായിരുന്ന അനീസ് ഇത്തവണ മാനേജ്‌മെന്റ്‌ വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. സൈക്കോളജി, കൊമേഴ്‌സ് വിഷയങ്ങളിലാണ് ജെ ആര്‍ എഫ് യോഗ്യതയുള്ളത്.

മലപ്പുറം കുഴിമണ്ണ പഞ്ചായത്തില്‍ ക്‌ളാര്‍ക്കായിരുന്ന അനീസ് ഉന്നത പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വര്‍ധിച്ചപ്പോള്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിക്കുകയും നെറ്റ് എഴുതുകയും ചെയ്തപ്പോഴൊന്നും അനീസിന് നിരാശപ്പെടേണ്ടി വന്നില്ല.

ഇപ്പോള്‍ കോഴിക്കോട്‌ കേന്ദ്രമായി ഐഫര്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ നെറ്റ്‌ കോച്ചിംഗ് സെന്റര്‍ നടത്തുകയാണ് അനീസ്. ഓരോ വര്‍ഷവും നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ക്ക്‌ നെറ്റ് യോഗ്യത നേടികൊടുക്കാനും ഇതുവഴി സാധിക്കുന്നു.  വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ്‌ നേടുകയും കൂടുതല്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അനീസ് രറയുന്നു. അരീക്കോട് പൂക്കോട്‌ ചോലയില്‍ പരേതനായവീരാന്‍ മാസ്റ്ററുടെയും മൈമുനയുടെയും മകനാണ്.