National
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രബോസ് ബിജെപിയിൽ നിന്ന് രാജിവച്ചു
നേതാജിയുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കുമെന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് രാജി.
ന്യൂഡൽഹി | നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രബോസ് ബിജെപിയിൽ നിന്ന് രാജിവച്ചു. നേതാജിയുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കുമെന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് രാജി.
താൻ ബിജെപിയിൽ ചേർന്നപ്പോൾ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്ര ബോസിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതം, ജാതി, വംശം എന്നിവ കണക്കിലെടുക്കാതെ എല്ലാ സമുദായങ്ങളെയും ഇന്ത്യക്കാരായി ഒന്നിപ്പിക്കുക എന്ന നേതാജിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ ബിജെപിയുടെ ചട്ടക്കൂടിനുള്ളിൽ ഒരു ആസാദ് ഹിന്ദ് മോർച്ച രൂപീകരിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു.
2016 ൽ ബിജെപിയിൽ ചേർന്ന ചന്ദ്രബോസ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. 2016 ൽ പശ്ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റായി നിയമിതനായ ബോസിനെ 2020 ലെ സംഘടനാ പുനഃസംഘടനയിൽ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.