Connect with us

From the print

നെതന്യാഹു തീരുമാനിച്ചുറപ്പിച്ച ആക്രമണം

ഹമാസിനെ പൂർണമായും ഇല്ലാതാക്കൽ ലക്ഷ്യം ഗസ്സയിലെ അമേരിക്കൻ താത്പര്യങ്ങൾ

Published

|

Last Updated

ജറൂസലം | വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ഇസ്റാഈൽ ആക്രമണം പുനരാരംഭിച്ചതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് റിപോർട്ട് ചെയ്യപ്പെടുന്നത്.
ഹമാസ് പൂർണമായും നശിപ്പിക്കപ്പെടുന്നതു വരെ യുദ്ധം തുടരുമെന്ന പ്രഖ്യാപനം ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ ആവർത്തിച്ചിട്ടുണ്ട്. ബന്ദികളുടെ “നാടകീയ മോചന’ത്തിലൂടെ ഹമാസ് തന്നെ അപമാനിച്ചുവെന്ന ആഖ്യാനം സൃഷ്ടിക്കൻ നെതന്യാഹുവിന് സാധിച്ചു. ഇതുവഴി ഗസ്സക്കെതിരായ ആക്രമണം തുടരണമെന്ന് മന്ത്രിസഭയെ ബോധ്യപ്പെടുത്താനും തീവ്രവലതുപക്ഷ പാർട്ടികളെ കൂടെ നിർത്താനുമായി. വെടിനിർത്തൽ കരാറിലേക്കുള്ള ശ്രമങ്ങൾക്കിടെ ഭരണസഖ്യം വിട്ട മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവീറിന്റെ ജൂത പവർ പാർട്ടി, ഇന്നലെ ആക്രമണം പുനരാരംഭിച്ചതോടെ തിരിച്ചത്തിയത് ഇതിന് അടിവരയിടുന്നു.
മറ്റൊന്ന്, ഗസ്സയിൽ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ താത്പര്യങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിച്ച ശേഷം അവിടെ പശ്ചിമേഷ്യൻ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുമെന്ന് അധികാരമേറ്റയുടൻ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആക്രമണമില്ലാതെ ഗസ്സയിൽ നിന്ന് ആളുകളെ മാറ്റാനാകില്ലെന്ന തിരിച്ചറിവാകണം നെതന്യഹുവിനെ മാറ്റിച്ചിന്തിപ്പിക്കുന്നത്.

മൂന്നാമത്തെ കാരണം, നെതന്യാഹു നേരിടുന്ന അഴിമതി ആരോപണങ്ങൾ തന്നെയാണ്. നിരവധി അഴിമതി ആരോപണങ്ങളിൽ വിചാരണ നേരിടാനിരിക്കുന്ന നെതന്യാഹുവിന് അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഗസ്സയിൽ രക്തരൂഷിതമായ ആക്രമണം അനിവാര്യമായിരിക്കുന്നു.
അതിനിടെ, ഇസ്റാഈൽ സർക്കാറുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ പുറത്തുവരുന്നുണ്ട്. ഹമാസിന്റെ തടങ്കലിലുള്ള ഇസ്റാഈലികളെ മോചിപ്പിക്കാനും ഹമാസിനെ ചർച്ചയിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ആക്രമണമെന്നാണ് അതിലൊന്ന്. ആക്രമണമല്ലാതെ ഹമാസിനെ ചർച്ചാ മേശയിലെത്തിക്കാൻ മറ്റ് മാർഗമില്ലെന്നാണ് ഇസ്റാഈൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറയുന്നത്. ആക്രമണത്തിന് അനുകൂലമായ ജനാഭിപ്രായമുണ്ടാക്കുക എന്നതാണ് ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷ്യമിടുന്നത്. നെതന്യാഹുവിനെ ആക്രമണത്തിലേക്ക് മടങ്ങാൻ അനുവദിക്കരുതെന്നും ഇസ്റാഈൽ ബന്ദികളുടെയും മരിച്ചവരുടെയും കൈമാറ്റം വേഗത്തിലാക്കാൻ അദ്ദേഹത്തിനു മേൽ സമ്മർദം ചെലുത്തണമെന്നും ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്.

Latest