International
നെതന്യാഹു ഗസ്സയിൽ; അന്തിമ വിജയം നേടും വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപനം
യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ശക്തിയും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും നമുക്കുണ്ടെന്നും സൈനികരോട് നെതന്യാഹു
ഗസ്സ സിറ്റി | താത്കാലിക വെടനിർത്തലിനെ തുടർന്ന് ഇസ്റാഈൽ നരനായാട്ടിന് അൽപം അൽപം അയവ് വന്ന ഗസ്സയിൽ മിന്നൽ സന്ദർശനം നടത്തി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സയിലെത്തിയ അദ്ദേഹം ഇസ്റാഈൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. അന്തിമ വിജയം നേടും വരെ യുദ്ധം തുടരുമെന്ന് സൈന്യത്തോട് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ എവിടെ വെച്ചാണ് നെതന്യാഹു സൈനികരെ കണ്ടത് എന്നത് വ്യക്തമല്ല.
‘ഒന്നും നമ്മെ തടയില്ല, യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ശക്തിയും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും നമുക്കുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. ഞങ്ങൾ അത് ചെയ്യും’ – നെതന്യാഹു പറഞ്ഞു. സൈനികർക്കൊപ്പം നിന്ന് നെതന്യാഹു സംസാരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൈനിക വേഷത്തിൽ ഹെൽമറ്റ് ധരിച്ചാണ് നെതന്യാഹു ഗസ്സയിലെത്തിയത്. 2005ന് ശേഷം ഇതാദ്യമായാണ് ഇസ്റാഈൽ പ്രധാനമന്ത്രി ഗസ്സയിൽ എത്തുന്നത്.