From the print
ഗസ്സയിൽ ആക്രമണം രൂക്ഷമാക്കും; കൊലവിളിയുമായി വീണ്ടും നെതന്യാഹു
ആക്രമണം തുടരുന്നതിൽ സൈന്യത്തിന് അതൃപ്തി

തെൽ അവീവ് | വീണ്ടും കൊലവിളിയുമായി ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സാ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നും മറ്റ് വഴികളൊന്നും മുന്നിലില്ലെന്നും നെതന്യാഹു പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും രൂക്ഷ വിമർശമുയരുമ്പോഴും ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് നെതന്യാഹു. ഇസ്‌റാഈലിന് മുന്നിൽ മറ്റ് സാധ്യതകളില്ല. ഹമാസിനെ മുച്ചൂടും മുടിക്കാതെ നിലനിൽപ്പില്ല. അവസാന വിജയം വരെ പോരാടും. ഇപ്പോൾ ഹമാസിന് കീഴടങ്ങിയാൽ ഒരു വർഷത്തിലേറെയായി സൈനികർ നേടിയതെല്ലാം നഷ്ടപ്പെടും- നെതന്യാഹു പറഞ്ഞു.
നേരത്തേ നിലവിൽ വന്ന മൂന്ന് ഘട്ട വെടിനിർത്തൽ തുടരാൻ കൂട്ടാക്കാതിരുന്ന നെതന്യാഹു 59 ബന്ദികളെ മോചിപ്പിക്കാൻ മറ്റൊരു കരാർ നിർദേശം മുന്നോട്ട് വെക്കുകയായിരുന്നു. എന്നാൽ, ഇസ്‌റാഈൽ സൈനിക പിൻമാറ്റവും ഗസ്സയുടെ പുനർനിർമാണവും ഉൾക്കൊള്ളുന്ന കരാർ തന്നെ തുടരുകയാണ് വേണ്ടതെന്ന നിലപാടിൽ ഹമാസ് ഉറച്ച് നിന്നു. സമ്പൂർണ സൈനിക പിൻമാറ്റത്തിന് ഇസ്‌റാഈൽ ഒരുക്കമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കരാർ വേണമെന്ന് നെതന്യാഹു ശഠിച്ചത്. ഈ നിർദേശം ഹമാസ് തള്ളിയതുകൊണ്ടാണ് പുതിയ ആക്രമണമെന്നാണ് നെതന്യാഹു ഇപ്പോൾ പറയുന്നത്.
എന്താണ് പദ്ധതി?
അതേസമയം, ഇസ്‌റാഈൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമർശിച്ച് ഹോസ്റ്റേജസ് ഫാമിലീസ് ഫോറം രംഗത്തെത്തി. ബന്ദികളെ മോചിപ്പിക്കാനുള്ള ഒരു പദ്ധതിയും മുന്നോട്ട് വെക്കാത്ത നെതന്യാഹുവിന്റെ വീഡിയോ സന്ദേശം നിരാശപ്പെടുത്തിയെന്ന് ഫോറം ഭാരവാഹികൾ പറഞ്ഞു. വലിയ മുദ്രാവാക്യങ്ങൾ കൊണ്ടും പ്രഖ്യാപനങ്ങൾ കൊണ്ടും സത്യം മൂടിവെക്കാനാകില്ല. ഞങ്ങളുടെ ഉറ്റവരെ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രിയുടെ കൈയിൽ ഒരു പദ്ധതിയുമില്ല. ഒറ്റച്ചോദ്യമേയുള്ളൂ. ബന്ദികളെ തിരിച്ചെത്തിക്കാൻ ഭരണകൂടം അടിയന്തരമായി എന്താണ് ചെയ്യാൻ പോകുന്നത്? – ഫോറം പ്രസ്താവനയിൽ ചോദിച്ചു.
പാളയത്തിൽ പട
ആക്രമണം തുടരുന്നതിൽ സൈന്യത്തിൽ വലിയ അതൃപ്തി പുകയുന്നുണ്ട്. ആക്രമണം അവസാനിപ്പിച്ച് കൂടിയാലോചനകൾ തുടങ്ങണമെന്ന് നിർദേശിച്ച് ജൂലാനി ബ്രിഗേഡിലെ 150 സൈനിക ഉദ്യോഗസ്ഥർ കത്തെഴുതിയതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സൈന്യത്തിലെ അതൃപ്തി വ്യക്തമാക്കി കൂടുതൽ പേർ ഇത്തരത്തിൽ രംഗത്ത് വരുന്നുണ്ട്. ഇസ്‌റാഈൽ എയർ ഫോഴ്‌സ് റിസർവിലെ ആയിരം ഉദ്യോഗസ്ഥർ എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. ഇതിൽ ഒപ്പിട്ടവരിൽ വിരമിച്ചവരും സർവീസിലുള്ളവരുമുണ്ട്.