Connect with us

International

യൂറോ കപ്പില്‍ പോളണ്ടിനെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്‌സ്

81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്സിന്റെ വിജയം

Published

|

Last Updated

ഹാംബര്‍ഗ് |  യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ്. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് 83-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നെതര്‍ലാന്‍ഡ്സിന്റെ വിജയം.

ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുമെന്ന് കരുതിയ മത്സരമാണ് അവസാന നിമിഷം മാറിമറഞ്ഞത്. 16-ാം മിനിറ്റില്‍ ആദം ബുക്സയിലൂടെ പോളണ്ടാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 29-ാം മിനിറ്റില്‍ കോഡി ഗാക്‌പോയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്‌സ് സമനിലയില്‍ പിടിച്ചു

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ബെഞ്ചിലിരുത്തിയായിരുന്നു പോളണ്ട് ഇറങ്ങിയത്. തുടരെ തുടരെയുള്ള ഓറഞ്ച് പടയുടെ മുന്നേറ്റത്തില്‍ പോളണ്ട് പ്രതിരോധം ശരിക്കും വലഞ്ഞുപോയി.

16-ാം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ഗോളായി. സിയെലിന്‍സ്‌കി എടുത്ത കോര്‍ണറില്‍ തലവെച്ച് ബുക്സ പോളണ്ടിനെ മുന്നിലെത്തിച്ചു.

20-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്റെ ഷോട്ട് പോളണ്ട് കീപ്പര്‍ വോയ്‌സിയെച് ഷെസെസ്‌നി രക്ഷപ്പെടുത്തി. 29-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് വലകുലുക്കി. നഥാന്‍ അകെ നല്‍കിയ പന്തുമായി മുന്നേറുന്നതിനിടെ ഗാക്‌പോ തൊടുത്ത ഷോട്ട് പോളണ്ട് പ്രതിരോധനിരയില്‍ ഇടിച്ച് കീപ്പറെയും നിസ്സഹായനാക്കി വലയില്‍ കയറി. ഒടുവിലാണ് 83-ാം മിനിറ്റല്‍ വിജയ ഗോള്‍ പിറന്നത്.