International
നെറ്റ്‌സരിം ഇടനാഴി; ഇസ്‌റാഈൽ പിൻമാറ്റം പൂർണം
വടക്കൻ ഗസ്സക്കും തെക്കൻ ഗസ്സക്കും ഇടയ്ക്ക് ഇസ്‌റാഈൽ സൈന്യം സൃഷ്ടിച്ച സൈനിക ഇടനാഴിയാണ് നെറ്റ്‌സരിം
![](https://assets.sirajlive.com/2025/02/netsarim-897x538.jpg)
തെൽ അവീവ് | ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ട നിബന്ധനകളിൽ പ്രധാനമായ നെറ്റ്‌സരിം ഇടനാഴിയിൽ നിന്ന് സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇസ്‌റാഈൽ. ഇരു പക്ഷത്തെയും ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്‌റാഈൽ സൈന്യം തങ്ങളുടെ സൈനിക പോസ്റ്റുകളും മറ്റ് സംവിധാനങ്ങളും നീക്കിയെന്നും സ്വലാഹുദ്ദീൻ റോഡിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ടാങ്കുകൾ പൂർണമായും പിൻവലിച്ചുവെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.
വടക്കൻ ഗസ്സക്കും തെക്കൻ ഗസ്സക്കും ഇടയ്ക്ക് ഇസ്‌റാഈൽ സൈന്യം സൃഷ്ടിച്ച സൈനിക ഇടനാഴിയാണ് നെറ്റ്‌സരിം. തെക്ക് നിന്ന് വടക്കൻ ഗസ്സയിലേക്കും തിരിച്ചുമുള്ള സഞ്ചാരം തടയുകയായിരുന്നു ലക്ഷ്യം. 2005ൽ ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ പിൻവാങ്ങിയപ്പോഴും ഇതേ സ്ഥലത്ത് നിന്നാണ് ഒടുവിൽ ഒഴിഞ്ഞത്. ഗസ്സയെ രണ്ടായി മുറിച്ച ഈ ഇടനാഴി സൈനിക മുക്തമാക്കുകയെന്നത് വെടിനിർത്തൽ കരാറിന്റെ പ്രധാന വ്യവസ്ഥയായിരുന്നു. ഇവിടെ സൈന്യത്തെ വിന്യസിക്കുക മാത്രമല്ല ഇസ്‌റാഈൽ ചെയ്തത്.
നിരവധി നിർമിതികൾ നടത്തുകയും ദീർഘകാല സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. നീണ്ട കാലത്തെ ആക്രമണവും സമ്പൂർണ കീഴടക്കലുമായിരുന്നു ഇസ്‌റാഈലിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ നിർമിതികൾ.
അഞ്ചാമത് ബന്ദി കൈമാറ്റം ഹമാസും തടവുകാരുടെ കൈമാറ്റം ഇസ്‌റാഈലും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മൂന്ന് ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 183 തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു.
നെറ്റ്‌സരിം പിൻമാറ്റം പൂർത്തിയായതോടെ ഗസ്സക്കാർക്ക് കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനാകും. ഈ പിൻമാറ്റത്തിലേക്ക് ഇസ്‌റാഈലിനെ കൊണ്ടുവരാനായത് ഹമാസിന്റെ നിർണായക വിജയമായാണ് വിലയിരുത്തപ്പെടുന്നത്.