Uae
റാസ് അല്‍ ഖൈമയില്‍ പുതിയ എ ഐ ട്രാഫിക് കാമറകള്‍
തത്സമയ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതാണിവ. ട്രാഫിക് സംഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഇവ പോലീസിനെ സഹായിക്കും.
റാസ് അല്‍ ഖൈമ | റാസ് അല്‍ ഖൈമയിലെ റോഡുകളില്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ സംവിധാനം സ്ഥാപിച്ചു. തത്സമയ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതാണിവ. ട്രാഫിക് സംഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഇവ പോലീസിനെ സഹായിക്കും.
‘സേഫ് സിറ്റി’ പദ്ധതിക്കു കീഴില്‍ എമിറേറ്റിലുടനീളം സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. വിവിധ റോഡുകളിലും ട്രാഫിക് ഇന്റര്‍സെക്ഷനുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും ആധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണ്. അടിയന്തര പ്രതികരണ സമയം വര്‍ധിപ്പിക്കുന്നതിന് തത്സമയ ഡാറ്റ നല്‍കാനും സാധ്യമായ ഹോട്ട് സ്‌പോട്ടുകള്‍ നേരത്തെ തിരിച്ചറിയുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പ്രവചനത്തിനും ഇതിലൂടെ സാധിക്കും.
കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും പൊതു സുരക്ഷ വര്‍ധിപ്പിക്കാനും താമസക്കാര്‍ക്കിടയില്‍ സംതൃപ്തി വര്‍ധിപ്പിക്കാനുമുള്ള നടപടികളെ ഇത് പിന്തുണക്കുന്നു. പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിന് മുമ്പ് അവ മുന്‍കൂട്ടി കാണാനും പരിഹരിക്കാനും നിയമപാലകരെ സഹായിക്കുന്നുവെന്നും അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.