Connect with us

Uae

ചരക്ക് ഗതാഗതത്തിനായി ദുബൈയില്‍ പുതിയ ആപ്പ്

10,000-ത്തിലധികം വാണിജ്യ ഗതാഗത കമ്പനികളുടെ ആസ്ഥാനമാണ് ദുബൈ.

Published

|

Last Updated

ദുബൈ| ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഡിജിറ്റല്‍ ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ ‘ലോജിസ്റ്റി’ ആരംഭിച്ചു. മേഖലയിലെ പ്രമുഖ സ്വകാര്യ ഡിജിറ്റല്‍ ചരക്ക് പ്ലാറ്റ്‌ഫോമായ ട്രൂക്കെറുമായി സഹകരിച്ചാണ് ലോജിസ്റ്റിക്സ്, വാണിജ്യ വാഹന സേവനങ്ങള്‍ക്കും നിയന്ത്രണത്തിനുമായി പ്ലാറ്റ്ഫോം തുടങ്ങിയത്. ബുക്കിംഗ്, ട്രാക്കിംഗ് സേവനങ്ങളും ആപ്പിലൂടെ വാഗ്ദാനം ചെയ്യുന്നു.

വാണിജ്യ ഗതാഗത സേവന ദാതാക്കളുമായി ഉപഭോക്താക്കളെ ബന്ധിപ്പിച്ച് കാര്യക്ഷമവും എളുപ്പമുള്ളതും വിശ്വസനീയവുമായ സേവനങ്ങളിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തി ചരക്ക് ഗതാഗതത്തെ പുനര്‍നിര്‍വചിക്കുന്നതാണ് പ്ലാറ്റ്ഫോം എന്ന് ആര്‍ ടി എ എക്്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ഈ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ 75 ശതമാനവും പ്രവര്‍ത്തനക്ഷമത 10 ശതമാനവും മെച്ചപ്പെടുത്തും.

10,000-ത്തിലധികം വാണിജ്യ ഗതാഗത കമ്പനികളുടെ ആസ്ഥാനമാണ് ദുബൈ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ മേഖല 34 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇ-കൊമേഴ്‌സിന്റെ ത്വരിതഗതിയിലുള്ള വികാസത്തോടെ ഷിപ്പിംഗിനും വിതരണത്തിനുമുള്ള പ്രധാന ലോജിസ്റ്റിക് ഹബ്ബായി ദുബൈ മാറി. രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങളുടെ എണ്ണം 351,000 ആയി ഉയര്‍ന്നു. ഈ മേഖല 242,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

2023-ല്‍, ഗതാഗത, സംഭരണ മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. 31.4 ബില്യണ്‍ ദിര്‍ഹത്തിന്റെ മൂല്യവര്‍ധിത സംഭാവന, അതായത് ദുബൈ ജി ഡി പിയുടെ 42.8 ശതമാനം സംഭാവന നല്‍കി. ഈ വര്‍ഷം രണ്ടാം പാദത്തിലും ഈ മേഖല ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഷിപ്പ്‌മെന്റുകളുടെ അളവ് കണക്കാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന എ ഐ അധിഷ്ഠിത സി ബി എം കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്ലാറ്റ്‌ഫോം. ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്ത് ഇത് ആക്സസ് ചെയ്യാം.

 

 

Latest