Ongoing News
സ്റ്റോപ്പ് ബോര്‍ഡ് മറികടക്കുന്നവരെ നിരീക്ഷിക്കാന്‍ സ്കൂൾ ബസ്സുകളില്‍ പുതിയ ഓട്ടോമാറ്റിക് റഡാറുകള്‍
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നിയമം നടപ്പാക്കുന്നതെന്ന് പോലീസ്

അബുദാബി | സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസ്സ് സ്റ്റോപ്പ് ബോര്‍ഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ജനറൽ കമാൻഡ്, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അബുദാബി എന്നിവയുമായി സഹകരിച്ച്, ബസ്സുകളില്‍ സ്ഥാപിച്ച പുതിയ ഓട്ടോമാറ്റിക് റഡാറുകള്‍ വഴി നീരിക്ഷണം സജീവമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. സ്‌കൂള്‍ ബസ് സ്റ്റോപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചാല്‍ വാഹനങ്ങള്‍ അഞ്ച് മീറ്ററില്‍ കുറയാതെ അകലത്തിൽ വാഹനം നിര്‍ത്തണം.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നിയമം നടപ്പാക്കുന്നതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിരക്ഷിക്കുന്നതിനുള്ള പോലീസ് പ്രചാരണം അധ്യയന വര്‍ഷം മുഴുവന്‍ നടപ്പാക്കും. സ്‌കൂള്‍ വര്‍ഷത്തില്‍ റെസിഡന്‍ഷ്യല്‍, സ്‌കൂള്‍ ജില്ലകളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി. സ്‌കൂള്‍ ബസുകളുടെ സ്റ്റോപ്പ് ചിഹ്നം മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വാഹനമോടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അബുദാബി പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ ബസുകളുടെ സ്റ്റോപ്പ് ബോര്‍ഡ് മറികടന്നാല്‍ 1000 ദിര്‍ഹവും 10 ബ്ലാക്ക് പോയിന്റും പിഴ ലഭിക്കും.അതേസമയം സ്കൂൾ ബസുകൾ നിർത്തുമ്പോൾ സ്റ്റോപ്പ് ബോർഡ് പ്രവർത്തിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹവും 6 ബ്ലാക്ക് പോയന്റുമാണ് പിഴയായി ചുമത്തുക.