PLUS ONE SEAT
ഹയര്‍സെക്കന്‍ഡറി പുതിയ ബാച്ചുകള്‍ 23ന് പ്രഖ്യാപിക്കും: മന്ത്രി
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23ന് പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡിന് ശേഷം സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ താലൂക്കുകളില്‍ പുതിയ ബാച്ച് ആവശ്യമുണ്ടെന്നതു പരിശോധിച്ചു പുതിയ ബാച്ച് അനുവദിച്ചു പ്രവേശനം ഉറപ്പാക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യ ഘട്ടത്തില്‍ ആരംഭിച്ച എല്ലാ ക്ലാസുകളും സുഗമമായി നടക്കുന്നുണ്ട്. ക്ലാസ് നടത്തിപ്പിലോ വിദ്യാര്‍ഥികളുടെ ആരോഗ്യ കാര്യത്തിലോ യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങളും ക്ലാസ് നടത്തിപ്പിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയും കൃത്യമായി പാലിച്ചാകും തുടര്‍ന്നും ക്ലാസുകള്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു.