Uae
ദുബൈയില്‍ യാത്രാസമയം കുറയ്ക്കാന്‍ പുതിയ പാലം; 12 മിനുട്ട് യാത്രക്ക് ഇനി നാല് മിനുട്ട്
985 മീറ്റര്‍ നീളമുള്ള പാലം ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) നടപ്പാക്കുന്ന അല്‍ ശിന്ദഗ ഇടനാഴി മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ്.

ദുബൈ | ജുമൈറ സ്ട്രീറ്റിനെ അല്‍ മിന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ഉദ്ഘാടനം ചെയ്തു. 985 മീറ്റര്‍ നീളമുള്ള പാലം ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) നടപ്പാക്കുന്ന അല്‍ ശിന്ദഗ ഇടനാഴി മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ്. മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ പാലം. ഇതോടെ ഇതുവഴിയുള്ള യാത്രാസമയം 12 മിനുട്ടില്‍ നിന്ന് നാല് മിനുട്ടായി (67 ശതമാനം വരെ) കുറയുമെന്ന് ആര്‍ ടി എ ്അറിയിച്ചു.
ശൈഖ് റാശിദ് റോഡ് മുതല്‍ അല്‍ മിന സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള 4.8 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കും. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 3.1 കിലോമീറ്റര്‍ നീളമുള്ള അഞ്ച് പാലങ്ങള്‍, 4.8 കിലോമീറ്റര്‍ റോഡ് നവീകരണം, രണ്ട് കാല്‍നട പാലങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മധ്യത്തോടെ ഇന്‍ഫിനിറ്റി പാലത്തെ അല്‍ വാസല്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 780 മീറ്റര്‍ നീളമുള്ള മൂന്ന് വരി പാലം പൂര്‍ത്തിയാകും. മണിക്കൂറില്‍ 4,800 വാഹനങ്ങള്‍ക്ക് ഇത് സേവനം നല്‍കും. ജുമൈറ സ്ട്രീറ്റ്, അല്‍ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പ്രധാന ഉപരിതല കവലകളിലേക്കുള്ള നവീകരണങ്ങള്‍ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.
ദുബൈയുടെ വര്‍ധിച്ചുവരുന്ന ഗതാഗത, ജനസംഖ്യാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.