Uae
യു എ ഇയില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി; മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകം
. ഇമറാത്തി സംസ്‌കാരം, ഇസ്ലാമിക വിശ്വാസങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതും രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയതുമായ രീതിയിലാണ് പുതിയ പെരുമാറ്റച്ചട്ടം.
അബൂദബി | രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ബാധകമാക്കുന്ന പെരുമാറ്റച്ചട്ടം യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഇമറാത്തി സംസ്‌കാരം, ഇസ്ലാമിക വിശ്വാസങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതും രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയതുമായ രീതിയിലാണ് പുതിയ പെരുമാറ്റച്ചട്ടം തയാറാക്കിയിരിക്കുന്നത്. മതം, വംശീയത, സംസ്‌കാരം എന്നിവയില്‍ യു എ ഇ മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പെരുമാറ്റച്ചട്ടം.
വിദ്യാര്‍ഥികളില്‍ നല്ല ചിന്തകള്‍, ഉയര്‍ന്ന മൂല്യങ്ങള്‍ എന്നിവ വളര്‍ത്തുന്നതിനായി ജീവനക്കാര്‍ ശ്രമിക്കേണ്ടതാണ്. യു എ ഇയിലെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചിന്തകള്‍ വിദ്യാര്‍ഥികളില്‍ ഉയരുന്നത് തടയുന്നതിനും സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാര്‍ ശ്രമിക്കേണ്ടതാണ്. യു എ ഇയുടെ വികാസം, വളര്‍ച്ച എന്നിവ ഉള്‍ക്കൊള്ളുന്നതിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ദേശീയ പരിപാടികളിലും, ചടങ്ങുകളിലും പങ്കെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കണം. കുട്ടികളെ തിരസ്‌കാരം, ചൂഷണം, ഭീഷണി തുടങ്ങിയ വിവിധ രീതിയിലുള്ള പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്‌കൂള്‍ ജീവനക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
കുട്ടികളുടെയും,അവരുടെ കുടുംബത്തിന്റെയും സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്. തെറ്റായ വാര്‍ത്തകള്‍, വ്യാജ പ്രചാരണങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്. കുട്ടികളെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുന്ന പ്രവൃത്തികള്‍ ഒരു സാഹചര്യത്തിലും ചെയ്യരുത്. രക്ഷിതാക്കളോടും പൊതുസമൂഹത്തിലെ അംഗങ്ങളോടും മികച്ച രീതിയില്‍ പെരുമാറുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ മാതൃകയാകണം.
ഇമറാത്തി സംസ്‌കാരം, പാരമ്പര്യം എന്നിവയും ഇസ്ലാമിക മൂല്യങ്ങളും അടുത്തറിയാനും അവയെ ബഹുമാനിക്കാനും സ്‌കൂള്‍ ജീവനക്കാര്‍ ശ്രമിക്കേണ്ടതാണ്.
വിദ്യാലയങ്ങളിലെ സാംസ്‌കാരികവും വംശീയവും മതപരവുമായ വൈവിധ്യത്തെ ബഹുമാനിക്കേണ്ടതാണ്. ഇവയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. വിദ്യാലയങ്ങളില്‍ പുകവലിക്കുന്നതിനും നിയമം മൂലം തടഞ്ഞിട്ടുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനും അനുവാദമില്ല. യു എ ഇയിലെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്. സ്വവര്‍ഗ ലൈംഗികത, ലിംഗപരമായ വ്യക്തിത്വം മുതലായ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യു എ ഇയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ അനുസരിച്ച് അനുവദനീയമായതും വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ് എന്നിവയാണ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ബാധകമാക്കിയിട്ടുള്ള പെരുമാറ്റച്ചട്ടം.