Connect with us

Editorial

പുതിയ ക്രിമിനല്‍ നിയമവും സന്ദേഹങ്ങളും

ഒരു മര്‍ദക ഭരണകൂടത്തിന് തങ്ങളുടെ പ്രജകളെ എങ്ങനെ വരുതിയില്‍ നിര്‍ത്താമെന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ക്രിമിനല്‍ നിയമങ്ങളുടെ ലക്ഷ്യം. അതേ ലക്ഷ്യമാണോ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമത്തിനുമുള്ളതെന്ന സന്ദേഹം ജനിപ്പിക്കുന്നതാണ് അതിലെ പല വകുപ്പുകളും.

Published

|

Last Updated

നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ബ്രിട്ടീഷ് ഭരണകാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നത് സ്വാഗതാര്‍ഹമാണ്. അതുപക്ഷേ, തികഞ്ഞ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കണം. പാര്‍ലിമെന്റിലോ നിയമ വേദികളിലോ സമൂഹത്തിലോ വിശദമായി ചര്‍ച്ച ചെയ്യാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ നടപ്പാക്കുന്നത് കടുത്ത പ്രയാസങ്ങള്‍ക്കും നിയമരംഗത്ത് ആശയക്കുഴപ്പത്തിനും ഇടയാക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐ പി സി, സി ആര്‍ പി സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവക്ക് പകരമായി ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന ഭാരതീയ ന്യായ് സംഹിത (ബി എന്‍ എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എന്‍ എസ് എസ്), ഭാരതീയ സാക്ഷ്യ അതീനിയം (ബി എസ് എ) എന്നീ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലമിതാണ്. നിയമലോകത്ത് നിന്നുള്‍പ്പെടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായതിനാല്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. പുതിയ മൂന്ന് നിയമങ്ങളും വിദഗ്ധ സമിതി രൂപവത്കരിച്ച് പരിശോധിക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.

വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുകയും നാട്ടില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയുമാണ് ക്രിമിനല്‍ നിയമങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഒരു മര്‍ദക ഭരണകൂടത്തിന് തങ്ങളുടെ പ്രജകളെ എങ്ങനെ വരുതിയില്‍ നിര്‍ത്താമെന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ക്രിമിനല്‍ നിയമങ്ങളുടെ ലക്ഷ്യം. അതേ ലക്ഷ്യമാണോ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമത്തിനുമുള്ളതെന്ന സന്ദേഹം ജനിപ്പിക്കുന്നതാണ് അതിലെ പല വകുപ്പുകളും. ‘ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന ഏത് കുറ്റകൃത്യവും കടുത്ത ശിക്ഷാര്‍ഹമാണെ’ന്ന ഭാരതീയ ന്യായ് സംഹിതയിലെ 150ാം വകുപ്പ് ഉദാഹരണം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുകയാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യമെന്ന് സര്‍ക്കാറിനു വാദിക്കാമെങ്കിലും സര്‍ക്കാറിനെതിരായ വിമര്‍ശങ്ങളെയും വിയോജിപ്പുകളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് നിയമജ്ഞര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളെ നിഷേധിക്കുകയായിരിക്കും അനന്തര ഫലം.

2022 മെയ് പതിനൊന്നിന് ജസ്റ്റിസ് വി എസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് റദ്ദാക്കിയ ഐ പി സി 124 എ വകുപ്പിന്റെ (രാജ്യദ്രോഹക്കുറ്റം) മറ്റൊരു പതിപ്പാണ് ഭാരതീയ ന്യായ് സംഹിതയിലെ ഈ വകുപ്പ്. സര്‍ക്കാറിനെതിരായ വിമര്‍ശങ്ങളും വിയോജിപ്പുകളും ഐ പി സി 124 എ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്ന് പഴയ പീനല്‍ കോഡില്‍ അടിവരയിട്ടു പറയുന്നുണ്ടെങ്കിലും, ബ്രിട്ടീഷ് ഭരണകൂടവും സ്വാതന്ത്ര്യാനന്തരം നിലവില്‍ വന്ന ഭരണകൂടങ്ങളും രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്തിരുന്നു. മോദി സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഭരണം വിലയിരുത്തുമ്പോള്‍, ഭാരതീയ ന്യായ് സംഹിതയിലെ 150ാം വകുപ്പ് ദുരുപയോഗത്തിനുള്ള സാധ്യത കൂടൂതലാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് കാലാകാലങ്ങളായി നിയമ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത്, കേന്ദ്ര നിയമ-നീതിന്യായ വകുപ്പിന്റെ കീഴിലുള്ള നിയമ കമ്മീഷനാണ്. എന്നാല്‍ നിയമ കമ്മീഷനെ മാറ്റിനിര്‍ത്തിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ 2020 മെയ് നാലിന് ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപവത്കരിച്ചതെന്നത് സന്ദേഹങ്ങള്‍ക്കിടവരുത്തുന്നു. മാത്രമല്ല, പാര്‍ലിമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളന വേളയില്‍ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത ശേഷമാണ് തിരക്കിട്ട് നിയമം പാസ്സാക്കിയതും.

ഭരണഘടന പ്രകാരം ക്രിമിനല്‍ നിയമങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാകില്ല. പുതിയ ക്രിമിനല്‍ നിയമം പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളില്‍ പഴയ നിയമ പ്രകാരം- ഐ പി സി, സി ആര്‍ പി സി, എവിഡന്‍സ് ആക്ട് അനുസരിച്ചാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടത്. നിലവില്‍ രാജ്യത്ത് ഒരു ക്രിമിനല്‍ കേസ് സുപ്രീം കോടതി വരെയെത്തി അന്തിമ തീര്‍പ്പിലെത്തുന്നതിന് പത്ത് മുതല്‍ മുപ്പത് വര്‍ഷം വരെയെടുക്കുന്നുണ്ട്. ഇതനുസരിച്ച് പഴയ ഐ പി സിയും സി ആര്‍ പി സിയുമെല്ലാം ഇനിയുമൊരു 30 വര്‍ഷത്തോളം രാജ്യത്തെ കോടതികളില്‍ ഉപയോഗിക്കേണ്ടി വരും. ഇതോടൊപ്പം ജൂലൈ ഒന്നിന് ശേഷം ചാര്‍ജ് ചെയ്ത കേസുകളില്‍ പുതിയ നിയമമനുസരിച്ചുള്ള വ്യവഹാരങ്ങളും നടപ്പാക്കേണ്ടതുണ്ട്. രണ്ട് നിയമങ്ങള്‍ ഒരേസമയം നടപ്പാക്കുന്നത് കോടതികളുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും കേസുകളുടെ തീര്‍പ്പിനുള്ള കാലതാമസം ദീര്‍ഘിപ്പിക്കുകയും ചെയ്യും.

പുതിയ നിയമത്തില്‍ പോലീസിനു നല്‍കുന്ന അമിതാധികാരവും ആശങ്കാജനകമാണ്. ബി എന്‍ എസ് എസ് വകുപ്പ് 187 അനുസരിച്ച് പോലീസിന് പ്രതിയെ 90 ദിവസം വരെ കസ്റ്റഡിയില്‍ വെക്കാം. പഴയ നിയമമനുസരിച്ച് ഇത് 15 ദിവസമായിരുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നവര്‍, വിദേശത്താണെങ്കിലും അവരുടെ നാട്ടിലെയും വിദേശത്തെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. അട്ടിമറിയും അരാജക പ്രവര്‍ത്തനങ്ങളും കഠിന കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് അട്ടിമറി, അരാജക പ്രവര്‍ത്തനമെന്ന് നിര്‍വചിച്ചിട്ടില്ല. ഏത് കേസും പോലീസിന് അട്ടിമറിയും അരാജകവുമായി മുദ്രയടിക്കാന്‍ ഇത് അവസരം നല്‍കുകയും പോലീസ് രാജിന് വഴിയൊരുക്കുകയും ചെയ്യും. പോലീസിന് അമിതാധികാരം നല്‍കുന്ന ഇത്തരം വകുപ്പുകള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാണ് നിയമജ്ഞരുടെ പക്ഷം. നോട്ട് നിരോധനത്തിന്റെ ഗതിയാണ് പുതിയ ക്രിമിനല്‍ നിയമത്തിന് നിയമ ലോകത്തെ ചില പ്രമുഖര്‍ പ്രവചിച്ചത്.

 

Latest