National
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം.
ന്യൂഡല്‍ഹി | ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ പ്രാബല്യത്തില്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി. തുടര്‍ന്ന് 2024 ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ കിട്ടാവുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികാര പരിധി കണക്കാക്കാതെ രാജ്യത്ത് ഏത് പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അതത് പോലീസ് സ്‌റ്റേഷനുകളിലേക്ക് കേസ് മാറ്റും.
പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം.
ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണം. ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് പുതിയ നിയമത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.