Uae
അബൂദബിയിൽ സ്‌കൂൾ ലൈസൻസ് പുതുക്കലിന് പുതിയ മാനദണ്ഡങ്ങൾ; കർശന നടപടികൾ വരുന്നു
ലൈസൻസിന്റെ കാലാവധി തീരുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പ് പുതുക്കൽ അപേക്ഷ സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം.

അബൂദബി|സ്വകാര്യ സ്‌കൂളുകളുടെ ലൈസൻസ് പുതുക്കലിന് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്) കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈസൻസിന്റെ കാലാവധി തീരുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പ് പുതുക്കൽ അപേക്ഷ സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം. വിദ്യാഭ്യാസ മേഖലയിൽ അനുസരണവും ഉത്തരവാദിത്തവും പ്രവർത്തന നിലവാരവും ഉറപ്പാക്കാനാണ് ഈ നീക്കം.
ലൈസൻസ് പുതുക്കുന്നതിന്, സ്‌കൂളുകൾ നിലവിലുള്ള പിഴകൾ തീർക്കുകയോ അംഗീകൃത പേയ്‌മെന്റ്പ്ലാൻ പാലിക്കുകയോ വേണം. അല്ലാത്തപക്ഷം, സ്‌കൂൾ “നിഷ്‌ക്രിയ’മായി കണക്കാക്കപ്പെടുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്യും. സ്‌കൂളിന്റെ ഉടമസ്ഥത, നിയമപരമായ സ്ഥാപന ഘടന, പങ്കാളിത്തം എന്നിവയിൽ മാറ്റം വരുത്തുന്നതിന് അഡെകിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. താത്കാലിക ലൈസൻസ് ഉടമകൾക്ക് ഉടമസ്ഥത മാറ്റം അനുവദനീയമല്ല. പാഠ്യപദ്ധതി, ഗ്രേഡ് ലെവൽ, സ്‌കൂൾ പേര്, വിലാസം, വിഭാഗം എന്നിവയിൽ മാറ്റം വരുത്തുന്നതിനും മാർഗനിർദേശങ്ങൾ പാലിക്കണം.
“അംഗീകൃതം’ അല്ലെങ്കിൽ അതിൽ താഴെയുള്ള പരിശോധനാ റേറ്റിംഗ് തുടർച്ചയായി ലഭിക്കുന്ന സ്‌കൂളുകൾക്ക് അഡെക് സാമ്പത്തിക, ഭരണ, അക്കാദമിക മേൽനോട്ടം ഏർപ്പെടുത്തും.
ലൈസൻസ് പുതുക്കലിനും മറ്റ് അപേക്ഷകൾക്കും തമ്മ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കണം. ആവശ്യമായ രേഖകളിൽ വാടക കരാർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സോഷ്യൽ വർക്കർ എന്നിവരുടെ നിയമന കത്ത്, ക്ലിനിക് ലൈസൻസ്, സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ്, സി സി ടി വി സേവന വിവരങ്ങൾ, വാർഷിക ധനകാര്യ റിപ്പോർട്ട്, സ്‌കൂൾ ഇംപ്രൂവ്‌മെന്റ് പ്ലാൻ (പ്രകടനം കുറവുള്ള സ്‌കൂളുകൾക്ക്) എന്നിവ ഉൾപ്പെടുന്നു. അപേക്ഷകൾ നിരസിക്കപ്പെട്ടാൽ, തിരുത്തലുകൾ വരുത്തി 30 പ്രവർത്തി ദിനത്തിനകം വീണ്ടും സമർപ്പിക്കാം. താത്കാലിക ലൈസൻസ് ഉടമകൾക്ക് ഒരു തവണ മാത്രമേ വീണ്ടും അപേക്ഷിക്കാനാകൂ. വീണ്ടും നിരസിക്കപ്പെട്ടാൽ ആറ് മാസം കാത്തിരിക്കണം.