Connect with us

From the print

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

യോഗം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതിയുടേത്.

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് നിര്‍ണായക യോഗം. ഇന്ന് ചേരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതിയുടെ യോഗത്തിലാണ് ഈ ആവശ്യം ചര്‍ച്ചയാകുക. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ട് പൊളിച്ച് പുതിയത് നിര്‍മിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പരിസ്ഥിതി മന്ത്രാലയത്തിന് പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇത് വിദഗ്ധ വിലയിരുത്തല്‍ സമിതിക്ക് വിടുകയായിരുന്നു.

പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും ഇതിന് അനുവദിക്കണമെന്നും യോഗത്തില്‍ കേരളം ആവശ്യപ്പെടും. 2014ല്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയതും ചൂണ്ടിക്കാട്ടും.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് തമിഴ്‌നാടുമായി ആലോചിച്ച് വേണമെന്നാണ് സുപ്രീം കോടതി ഉത്തരവുള്ളത്. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ തമിഴ്‌നാടിന്റെ അനുമതി ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് തമിഴ്‌നാടുമായി കൂടിയാലോചിക്കുമെന്നും കേരളം വിദഗ്ധ വിലയിരുത്തല്‍ സമിതിയെ അറിയിക്കും.

നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും കാരണം താഴ്ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷ സംബന്ധിച്ച ഉത്കണ്ഠയും ചൂണ്ടിക്കാട്ടും. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് തമിഴ്നാട് സര്‍ക്കാറിനുള്ളത്. പുതിയ അണക്കെട്ട് നിര്‍മാണത്തിന് പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് 366 മീറ്റര്‍ താഴെ സംരക്ഷിത മേഖലയായ പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണത്തിന് കുറഞ്ഞത് ഏഴ് വര്‍ഷമാണ് കണക്കാക്കുന്നത്. എന്നാല്‍, അടിയന്തരമായി ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും ജലസേചന വകുപ്പ് കണക്കുകൂട്ടുന്നു. രൂപരേഖ പൂര്‍ത്തിയായ പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനത്തിന് പുറമെ വനം വന്യജീവി വകുപ്പിന്റെ അനുമതിയും വേണം.

 

Latest