Connect with us

Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേന്ദ്രം ഇടപെടണം: ഡീന്‍ കുര്യാക്കോസ്

ഡാമിന് ഏതാണ്ട് 130 വര്‍ഷത്തോളം പഴക്കമുണ്ട്.

Published

|

Last Updated

ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്ത് അവിടെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ജല കമ്മീഷന്‍ 1979 യില്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോള്‍ ഡാമിന് ഏതാണ്ട് 130 വര്‍ഷത്തോളം പഴക്കമുണ്ട്. നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാര്‍ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജലവിതരണത്തില്‍ തമിഴ്നാടുമായി നിലനില്‍ക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണം. 2021 ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിറ്റിയും ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കണമെന്നാണ്.

കേരളത്തിന് സുരക്ഷാ തമിഴ്‌നാടിനു ജലം എന്ന അര്‍ഥപൂര്‍ണമായ നിലപാടാണ് കേരളം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നിര്‍മ്മാണം ഏറ്റെടുക്കാന്‍ കേരളം എപ്പോഴും തയ്യാറാണു താനും. പ്രശ്‌നപരിഹാരത്തില്‍ കേന്ദ്രത്തിന് നിര്‍ണായക സ്വാധീനം ചൊലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചര്‍ച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിര്‍മ്മിക്കാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ സ്വീകരിക്കണം. റൂള്‍ 377 പ്രകാരമാണ് ഡീന്‍ കുര്യാക്കോസ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

 

 

Latest