Connect with us

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം: എംപിമാർ ജലശക്തി മന്ത്രിക്ക് നിവേദനം നൽകി

അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിൽ മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ 130 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ ജലശക്തി മന്ത്രി സി ആർ പാട്ടീലിന് നിവേദനം നൽകി. പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഡാം സേഫ്റ്റി നിയമത്തിന് ആധാരമായി എൻ ഡി എസ് എ (നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി) ശാക്തീകരിച്ചു കൊണ്ട് നടപ്പാക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. അനുഭാവപൂർണ്ണം ഈ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി എംപിമാരെ അറിയിച്ചു.

രണ്ടു സംസ്ഥാനങ്ങളെയും കൂട്ടി യോജിപ്പിച്ച് സുപ്രീം കോടതി വിധിക്ക് അനുസരിച്ച് സൂപ്പർവൈസറി കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാവുന്നതാണ്. 2022 ഏപ്രിൽ 8 ന് പുറത്തുവന്ന സുപ്രീം കോടതി വിധി അനുസരിച്ച് ഡാം മെയിൻ്റനൻസ്, മാനേജ്‌മെൻ്റ് ഉൾപ്പടെയുള്ള ഉത്തരവാദിത്വങ്ങൾ എൻ ഡി എസ് എയുടെ പരിധിയിലേക്ക് മാറ്റപ്പെടേണ്ടതാണ്. കേരളത്തിൻ്റെയും, തമിഴ്നാടിൻ്റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം അടിയന്തിരമായി ചർച്ച ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന് ശേഷം വീണ്ടുമൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാൻ ഇടവരാതിരിക്കാൻ സർക്കാരുകൾ ഗൗരവത്തിൽ ഇടപെടണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

രാവിലെ എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കേരളത്തിലെ എംപിമാർ ഒന്നടങ്കം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, ആൻ്റോ ആൻ്റണി, ഫ്രാൻസിസ് ജോർജ്, എം കെ രാഘവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Latest