Connect with us

Articles

മേപ്പാടിയില്‍ പുതിയ പുലരികള്‍

പുനരധിവാസത്തിന്റെ ഈ ഘട്ടത്തിലും കേരളം ദുരിതബാധിതര്‍ക്കൊപ്പമാണ്. ഒറ്റ രാത്രി കൊണ്ട് അനാഥമായ ജീവിതങ്ങള്‍ക്കും സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍. അതുകൊണ്ടുതന്നെയാണ് കേവലം ഒമ്പത് മാസം കൊണ്ട് തന്നെ ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗണ്‍ഷിപ്പിന് നമ്മള്‍ ആരംഭം കുറിക്കുന്നത്.

Published

|

Last Updated

വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കുകയാണ്. കല്‍പ്പറ്റ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ആഗ്രഹിക്കുന്നതുപോലെ പുതിയ പുലരികള്‍ക്കായുള്ള ഒരു ദൗത്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയൊരു പ്രകൃതിദുരന്തം അതിജീവിച്ചവര്‍ക്ക് തണലൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന വേളയില്‍ തന്നെ കഴിയുന്നതിലെ ആശ്വാസം ചെറുതല്ല.

അതിതീവ്രമായ ഒരു ദുരന്തമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിയന്‍ സര്‍ക്കാര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നതാണ് പതിവ്. ഉരുള്‍പൊട്ടലുണ്ടായത് ജൂലൈ 30ന് ആണെങ്കില്‍, ആഗസ്റ്റ് 17ന് തന്നെ കേരളം ആദ്യത്തെ മെമ്മോറാണ്ടം കേന്ദ്ര സര്‍ക്കാറിന് നല്‍കി. വിദഗ്ധര്‍ തയ്യാറാക്കിയ വിശദമായ പി ഡി എന്‍ എ റിപോര്‍ട്ടും നിശ്ചിത കാലാവധിക്ക് മുമ്പ് സമര്‍പ്പിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും സഹായം ലഭ്യമാക്കിയിട്ടില്ല. എങ്കിലും സുമനസ്സുകളുടെ സഹായത്തോടെ ഒരുമയുള്ള കേരളം വളരെ വേഗത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിക്കുകയാണ്. പ്രതിസന്ധിയുടെ മുന്നില്‍ തളര്‍ന്നിരിക്കലല്ല, അതിജീവനത്തിന്റെ വഴികള്‍ തേടുകയാണ് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ കടമയെന്ന് നാം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

402 കുടുംബങ്ങള്‍ക്കാണ് മേപ്പാടിയില്‍ വാസസ്ഥലം ഒരുക്കുന്നത്. വാസയോഗ്യമാണെങ്കിലും ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ടുപോയ 73 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ഒന്നാംഘട്ട പട്ടികയില്‍ താമസസ്ഥലം പൂര്‍ണമായും നഷ്ടമായി മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളാണുള്ളത്. വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ വീടുള്ളവരാണ് രണ്ടാംഘട്ട പട്ടിക എ ലിസ്റ്റിലുള്ള 87 കുടുംബങ്ങള്‍. ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ നിശ്ചയിച്ച ബി ലിസ്റ്റില്‍ അപ്പീല്‍ സ്വീകരിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.

ദുരന്ത ബാധിതരുടെ ആവശ്യപ്രകാരം അവര്‍ക്ക് ഏറ്റവും അടുത്ത് ലഭ്യമാകുന്ന സ്ഥലത്താണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത് എന്നതും ഈ ദുരന്ത പുനരധിവാസത്തിന്റെ സവിശേഷതയാണ്. കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. നഗര പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയില്‍ ഏഴ് സെന്റില്‍ ഒരു വീട് എന്ന നിലയിലാണ് സര്‍ക്കാര്‍ ഭവന നിര്‍മാണം യാഥാര്‍ഥ്യമാക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍. ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്പോര്‍ട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ തുടങ്ങിയവയാണ് ഇവിടുത്തെ അനുബന്ധ സൗകര്യങ്ങള്‍. ആകെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ദുരന്തത്തെ അതിജീവിച്ചവര്‍ക്കായി മേപ്പാടിയില്‍ ഒരുക്കുന്നത്.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധത്തിലാണ് ടൗണ്‍ഷിപ്പിലെ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, പ്രധാന മുറി, സിറ്റൗട്ട്, ലിവിംഗ് റൂം, പഠനമുറി, ഡൈനിംഗ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവയെല്ലാം വീടുകളില്‍ ഉറപ്പാക്കും. ഒരു ക്ലസ്റ്ററില്‍ 20 വീടുകള്‍. തുടക്കമെന്ന നിലയില്‍ ആദ്യം ഒരു മാതൃകാ വീടിന്റെ നിര്‍മാണം. വീടിന്റെ ഗുണനിലവാരം മനസ്സിലാക്കാനും സന്ദര്‍ശനത്തിനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കും. 1,000 ചതുരശ്രയടിയില്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാന്‍ കഴിയുന്ന അടിത്തറ ഒരുക്കിയാണ് വീട് ഉയരുക.

വിവിധ പഠനങ്ങളും സര്‍വേകളും പൂര്‍ത്തിയാക്കിയാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിന്റെ സ്‌കെച്ച് കിഫ്ബിക്ക് കീഴിലുള്ള കിഫ്കോയാണ് തയ്യാറാക്കിയത്. സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ യു എല്‍ സി സി എസ് വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു.

ദുരന്ത ബാധിതര്‍ക്ക് ഇതുവരെ 25.64 കോടി രൂപയാണ് സര്‍ക്കാര്‍ പണമായി നല്‍കിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം, പരുക്കേറ്റവര്‍ക്കും കിടപ്പുരോഗികള്‍ക്കുമുള്ള ചികിത്സാ സഹായം, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നല്‍കിയ തുക, ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസം 300 രൂപവീതം നല്‍കുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയായാണ് ഈ തുക നല്‍കിയത്.

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍ ബാധിതരില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ദുരന്ത മേഖലയിലെ അഞ്ച് എസ് ടി കുടുംബങ്ങള്‍ക്ക് അവരുടെ താത്പര്യ പ്രകാരമുള്ള പുനരധിവാസം ഉറപ്പാക്കുന്ന സര്‍ക്കാര്‍, പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന നിരീക്ഷണ കമ്മിറ്റി രൂപവത്കരിച്ചു കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധനാ കമ്മിറ്റിയുണ്ട്. ദൈനംദിന പ്രവര്‍ത്തനത്തിനായി ഒരു സ്പെഷ്യല്‍ ഓഫീസറുണ്ട്. ഇങ്ങനെ മേല്‍നോട്ടത്തിന് ഏറ്റവും മികച്ച സംവിധാനമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദുരന്ത ഭൂമിയിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിത സ്വപ്നങ്ങളെ വീണ്ടെടുക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ്.

റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടമായ ദുരന്ത ഭൂമിയിലെ മനുഷ്യരില്‍ 878 പേര്‍ക്കായി 1,162 അവശ്യ സേവന രേഖകളാണ് ദിവസങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ദുരന്തശേഷം 24 ദിവസത്തിനുള്ളില്‍ 728 കുടുബങ്ങള്‍ക്കും താത്കാലിക താമസ സൗകര്യം ഒരുക്കിയ സംസ്ഥാന സര്‍ക്കാര്‍ വാടകയും ദിനബത്തയും അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ അവര്‍ക്ക് നല്‍കി. ഭക്ഷണക്കിറ്റ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയും ദുരന്ത കാഴ്ചകളുടെ മുറിവുണങ്ങാന്‍ കൗണ്‍സലിംഗ് സൗകര്യം നല്‍കിയുമൊക്കെയാണ് നമ്മള്‍ ദുരന്തബാധിതരുടെ കരം പിടിച്ചത്. 32ാം ദിവസം മേപ്പാടി സ്‌കൂളില്‍ അധ്യയനം ആരംഭിച്ചു. ദുരിത ബാധിതരുടെ കേരള ബേങ്കിലെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി. ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ പൊതുമേഖലാ ബേങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളണം എന്ന ആവശ്യത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ തുടരുകയാണ്.

ഒരൊറ്റ രാത്രി കൊണ്ട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി അതിഭീമമായ നാശനഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും 2,221 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. സുമനസ്സുകളുടെ കൂടി സഹകരണത്തോടെയാണ് കേരളം ദുരിത ബാധിതരുടെ കണ്ണീരൊപ്പുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരങ്ങളാണ്, വിങ്ങുന്ന വയനാടിന് തണലൊരുക്കാന്‍ സംഭാവനകള്‍ നല്‍കിയത്. സഹായ വാഗ്ദാനങ്ങള്‍ ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ സംവിധാനം രൂപവത്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ഉപജീവന മാര്‍ഗവും സാധ്യമാക്കുകയാണ്.

പുനരധിവാസത്തിന്റെ ഈ ഘട്ടത്തിലും കേരളം ദുരിതബാധിതര്‍ക്കൊപ്പമാണ്. ഒറ്റ രാത്രി കൊണ്ട് അനാഥമായ ജീവിതങ്ങള്‍ക്കും സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍. അതുകൊണ്ടുതന്നെയാണ് കേവലം ഒമ്പത് മാസം കൊണ്ട് തന്നെ ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗണ്‍ഷിപ്പിന് നമ്മള്‍ ആരംഭം കുറിക്കുന്നത്. പുതുവര്‍ഷ ദിനത്തിലാണ് കേരളം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത്. അതിന്റെ സാഫല്യമാണ് ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്റെ തുടക്കം. വാഗ്ദാനം എന്തായാലും, എന്തുവിലകൊടുത്തും അത് നിറവേറ്റുന്നതാണ് നമ്മുടെ രീതി. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മേപ്പാടിയിലെ ടൗണ്‍ഷിപ്പ്.

 

Latest