Uae
ഷാര്‍ജയില്‍ വാടക തര്‍ക്ക പരിഹാരങ്ങള്‍ക്ക് പുതിയ വകുപ്പ്
ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വകുപ്പ് രൂപീകരിക്കുന്നത്.
ഷാര്‍ജ| ഷാര്‍ജ വാടക തര്‍ക്ക കേന്ദ്രത്തിന് കീഴില്‍ ഒരു പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചു. റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി പ്രോപ്പര്‍ട്ടി വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും സുഗമമാക്കുന്നതിന് പുതിയ വകുപ്പ് സഹായം നല്‍കും. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വകുപ്പ് രൂപീകരിക്കുന്നത്. കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.
എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍, എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്രമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കല്‍, നിര്‍ബന്ധിത നടപടികള്‍, പൊതു ലേല വില്‍പ്പന, ഔട്ട്‌സോഴ്‌സിംഗ് എന്‍ഫോഴ്‌സ്‌മെന്റ്‌സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും പുതിയ വകുപ്പിന്റെ ചുമതലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷാര്‍ജയില്‍ വസ്തു ഇടപാടുകളിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടാവുന്നത്. ഒക്ടോബറില്‍ മാത്രം നാല് ബില്യണ്‍ ദിര്‍ഹത്തിലധികം വരുമാനം ലഭിച്ചു. വര്‍ഷത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാനമാണിത്. ഇതിന്റെ തുടര്‍ച്ചയെന്നോണം വാടക കരാറുകള്‍, ഭൂവുടമകള്‍ക്കുള്ള പേയ്‌മെന്റുകള്‍, പാട്ടം അവസാനിക്കുമ്പോഴോ പുതുക്കുമ്പോഴോ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയുള്‍പ്പെടെ എമിറേറ്റിലെ എല്ലാ ലീസിംഗ് പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന വിപുലമായ ഒരു കൂട്ടം നിയമങ്ങള്‍ ഷാര്‍ജ ഈയിടെ അവതരിപ്പിച്ചിരുന്നു.