Uae
പുതിയ ഗാര്‍ഹിക പീഡന നിയമം; കഠിനമായ ശിക്ഷകള്‍ ചുമത്തുന്നു
ഗാര്‍ഹിക പീഡനം നടത്തുന്ന ഏതൊരാള്‍ക്കും സെപ്തംബര്‍ പത്തിന് പുറപ്പെടുവിച്ച 2024-ലെ 13-ാം നമ്പര്‍ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച് തടവും കൂടാതെ 50,000 ദിര്‍ഹം വരെ പിഴയും ചുമത്തും.
ദുബൈ | ഗാര്‍ഹിക പീഡനത്തിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ യു എ ഇ രൂപപ്പെടുത്തിയ പുതിയ ഗാര്‍ഹിക പീഡന നിയമം കഠിനമായ ശിക്ഷകള്‍ ചുമത്തുന്നുവെന്ന് വിദഗ്ധര്‍. ഗവണ്മെന്റിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ഗാര്‍ഹിക പീഡന നിയമം, ഇരകളുടെ പിന്തുണക്കായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുകയും ശാരീരികവും മാനസികവും ലൈംഗികവും സാമ്പത്തികവും ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ഗാര്‍ഹിക പീഡനം നടത്തുന്ന ഏതൊരാള്‍ക്കും സെപ്തംബര്‍ പത്തിന് പുറപ്പെടുവിച്ച 2024-ലെ 13-ാം നമ്പര്‍ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച് തടവും കൂടാതെ 50,000 ദിര്‍ഹം വരെ പിഴയും ചുമത്തും. ദുരുപയോഗം റിപോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് തെറ്റായ റിപോര്‍ട്ട് നല്‍കുന്നവര്‍ക്കും ഇതേ പിഴ ബാധകമാണ്.
ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവളോ, ഗര്‍ഭിണിയോ, കുട്ടിയോ, വൈകല്യമുള്ളയാളോ, കഴിവില്ലാത്ത വ്യക്തിയോ ആണെങ്കില്‍ പ്രതിക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വികലാംഗര്‍ പോലുള്ള പ്രത്യേക ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സംരക്ഷണം നല്‍കുന്നതിന് നിയമം കര്‍ക്കശമായ പിഴകള്‍ ചുമത്തിയിട്ടുണ്ട്. ഇരകള്‍ക്ക് നിയമപരമായി മാത്രമല്ല വൈകാരികവും ശാരീരികവുമായ പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു.
ഗാര്‍ഹിക പീഡനത്തെയും കുടുംബ സംരക്ഷണത്തെയും രാജ്യം അഭിസംബോധന ചെയ്യുന്ന വര്‍ധിച്ചുവരുന്ന ഗൗരവത്തെയാണ് പുതിയ നിയമം പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ദര്‍ പറഞ്ഞു.