Uae
അബൂദബിയിൽ പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി) യാണ് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

അബൂദബി | അബൂദബിയിൽ യാത്രക്കാർക്കായി ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. വിശുദ്ധ റമസാൻ മാസത്തിന്റെ തുടക്കത്തോടെയാണ് സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസ് സർവീസ് ഒരുക്കിയത്.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി) യാണ് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്.രണ്ട്, മൂന്ന് കമ്പാർട്ട്മെന്റുകൾ അടങ്ങുന്ന ആർട്ടിക്കുലേറ്റഡ് ബസുകൾ ഉൾപ്പെടെ നാല് വ്യത്യസ്ത മോഡലുകളുള്ള ഇലക്ട്രിക് ബസുകളാണ് സേവനത്തിലുള്ളത്.
30 മീറ്റർ നീളവും 44 സീറ്റുകളും ഒരു ബസിൽ 200 യാത്രക്കാർക്ക് വരെ യാത്രാശേഷിയുമുണ്ട്. ഇതിനുപുറമെ, 46 സീറ്റുകളും ഏകദേശം 110 യാത്രക്കാരെ ഉൾക്കൊള്ളുന്ന 18 മീറ്റർ നീളമുള്ള ഒരു ആർട്ടിക്കുലേറ്റഡ് ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ബസുകൾ പുറപ്പെടും. മറ്റു സമയങ്ങളിൽ ഓരോ 60 മിനിറ്റിലും ബസുകൾ പുറപ്പെടും.
അൽ റീം മാളിൽ നിന്ന് ആരംഭിച്ച് സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് വഴി അൽ ഖസർ മറീന മാൾ വരെയും തിരിച്ചുമാണ് യാത്ര. 27 കിലോമീറ്റർ പാതയിൽ 13 സ്റ്റോപ്പുകൾ ഉണ്ടാകും.