Uae
ഫോറന്‍സിക് പരിശോധനക്ക് ദുബൈയില്‍ പുതിയ സൗകര്യം വരുന്നു
പരിശോധനകള്‍ക്ക് ദിവസങ്ങള്‍ എടുക്കുന്നതിന് പകരം മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.
ദുബൈ| കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ദുബൈ പോലീസ് പുതിയ ഫോറന്‍സിക് മെഡിസിന്‍ സൗകര്യം നിര്‍മിക്കുന്നു. പരിശോധനകള്‍ക്ക് ദിവസങ്ങള്‍ എടുക്കുന്നതിന് പകരം മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. 95 ശതമാനം കൃത്യതയോടെ ഫലങ്ങള്‍ നല്‍കാനും സാധിക്കും.
ടുണീഷ്യ സ്ട്രീറ്റില്‍ നിര്‍മാണത്തിലുള്ള സൗകര്യം 2026 അവസാനത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യശരീരത്തിന്റെ ആകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് പുതിയ കെട്ടിടം. വിവിധ മേഖലകളില്‍ നൂതനാശയങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് നടപ്പാക്കുന്ന ഏഴ് സംരംഭങ്ങളുടെ ഭാഗമാണ് പദ്ധതി.
വെര്‍ച്വല്‍ ഓട്ടോപ്‌സി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് പരീക്ഷണ സമയം 10 ദിവസത്തില്‍ നിന്ന് രണ്ട് മണിക്കൂറായി കുറക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം കുറക്കുകയും ചെയ്യും. അഡ്വാന്‍സ്ഡ് കംപ്യൂട്ടഡ് ടോമോഗ്രാഫി ടെക്നിക്കുകളും സ്വീകരിക്കും. ഫലങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുന്നതാണിത്. ഒരു ടെസ്റ്റിന് 2,500 ദിര്‍ഹം മുതല്‍ 7,000 ദിര്‍ഹം വരെ ചെലവാകുമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.