First Gear
പുതുതലമുറ ക്രെറ്റ പണിപ്പുരയിൽ; 2027ൽ എത്തും
മൂന്നാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കമ്പനിക്കുള്ളിൽ SX3 എന്ന കോഡ് നാമം നൽകിയതായാണ് റിപ്പോർട്ടുകൾ

ബെംഗളുരു|കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വാഹനങ്ങളിൽ ആദ്യ അഞ്ച് സ്ഥാനത്ത് ഇടംപിടിച്ച കാറാണ് ഹ്യുണ്ടായുടെ ക്രെറ്റ. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്‌യുവി എന്ന റെക്കോർഡും ക്രെറ്റയുടെ പേരിലാണ്. രാജ്യത്ത് അവതരിപ്പിച്ചതു മുതൽ ക്രെറ്റ അതിന്‍റെ സെഗ്‌മെന്‍റിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിൽ ഒന്നായി തുടരുന്നു. 2024 ജനുവരിയിൽ ക്രെറ്റയുടെ രണ്ടാം തലമുറ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കി. ഇപ്പോൾ മൂന്നാം തലമുറ ക്രെറ്റ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കൊറിയൻ കമ്പനി. മൂന്നാം തലമുറ ക്രെറ്റയുടെ നിർമാണ പ്രവർത്തനങ്ങൾ ഹ്യുണ്ടായി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ക്രെറ്റയുടെ ഏറ്റവും പുതിയ പതിപ്പ് 2027 ൽ വിപണിയിൽ എത്തും.
മൂന്നാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കമ്പനിക്കുള്ളിൽ SX3 എന്ന കോഡ് നാമം നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തമിഴ്‌നാട്ടിലെ ബ്രാൻഡിന്‍റെ നിർമ്മാണ പ്ലാന്‍റിലാകും പുതിയ ക്രെറ്റയുടെയും ഉത്പാദനം. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പോലുള്ള ഔട്ട്‌ഗോയിംഗ് പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന അതേ പവർട്രെയിൻ ഓപ്ഷനുകൾ ഇത് മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഒരു ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷൻ ഉപയോഗിച്ച് ബ്രാൻഡ് ശ്രേണി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും വിപുലമായ സവിശേഷതകളോടെയാണ് വരുന്നത്. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമമുണ്ടാകും.
നിലവിൽ, കാർ 11.11 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് വിൽക്കുന്നത്. അതേസമയം ഏറ്റവും ഉയർന്ന വേരിയന്‍റിന് 20.42 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. എൻ-ലൈൻ പതിപ്പ്, ക്രെറ്റ ഇലക്ട്രിക് എന്നിവയും ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയിരുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുമായാണ് ക്രെറ്റയുടെ മത്സരം.