Connect with us

Web Special

വേണുഗോപാല്‍ നയിക്കുന്ന പുതിയ ഗ്രൂപ്പ് പിറക്കുന്നു; മുരളീധരനെ കൂടെ നിര്‍ത്തുന്നതില്‍ വിജയം

സ്വന്തം പിതാവിന്റെ കരുത്തായിരുന്ന ഗ്രൂപ്പിന്റെ പേരില്‍ രാഷ്ട്രീയ ദുരന്തം ഏറ്റുവാങ്ങി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയതു മുതല്‍ ഗ്രൂപ്പില്ലാതെ നില്‍ക്കുകയാണെങ്കിലും സ്വന്തമായി അണികളുടെ പിന്തുണയുള്ള നേതാവാണ് മുരളീധരന്‍.

Published

|

Last Updated

കോഴിക്കോട് | ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒതുക്കി കോണ്‍ഗ്രസ്സില്‍ പുതിയൊരു ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ സംഘം കെ മുരളീധരനെ കൂടെ നിര്‍ത്തുകയെന്ന തന്ത്രത്തില്‍ വിജയം കണ്ടു. മുരളീധരനെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിയില്‍ വീണ്ടും അവരോധിക്കുകയും ഡി സി സി പ്രസിഡന്റുമാരുടെ ലിസ്റ്റുണ്ടാക്കുന്നതില്‍ മുരളീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തുകൊണ്ടാണ് മുരളീധരന്റെ പ്രീതി പിടിച്ചു പറ്റിയത്.

സ്വന്തം പിതാവിന്റെ കരുത്തായിരുന്ന ഗ്രൂപ്പിന്റെ പേരില്‍ രാഷ്ട്രീയ ദുരന്തം ഏറ്റുവാങ്ങി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയതു മുതല്‍ ഗ്രൂപ്പില്ലാതെ നില്‍ക്കുകയാണെങ്കിലും സ്വന്തമായി അണികളുടെ പിന്തുണയുള്ള നേതാവാണ് മുരളീധരന്‍. കാര്യങ്ങള്‍ വിളിച്ചുപറയുന്നതില്‍ ഭയമില്ലാത്ത നേതാവെന്ന പ്രതിച്ഛായയും മുരളീധരനുള്ളതിനാല്‍ അദ്ദേഹത്തെ കൂടെ നിര്‍ത്തുക എന്നത് തന്ത്രമായിരുന്നു.

ഗ്രൂപ്പ് നേതാവല്ലാത്തതിനാല്‍ ഡി സി സി പ്രസിഡന്റ് പദവിയിലേക്ക് മുരളീധരന് ആരെയും നിര്‍ദ്ദേശിക്കാനുമുണ്ടായിരുന്നില്ല. കോഴിക്കോട് ഡി സി സി പ്രസിഡന്റ് പദവിയില്‍ കെ മുരളീധരന്റെ സന്തത സഹചാരിയായിരുന്ന കെ പ്രവീണ്‍കുമാറിനെയാണ് പരിഗണിക്കുന്നത്. ഇതു മുരളീധരന്റെ നോമിനിയായല്ല. സുധാകരന്‍, സതീശന്‍ സംഘവുമായി ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുന്ന എം കെ രാഘവന്‍ എം പിയാണ് പ്രവീണ്‍കുമാറിനുവേണ്ടി രംഗത്തിറങ്ങിയത്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ എ ഐ ഗ്രൂപ്പുകളുടെ അന്ത്യം കുറിക്കാന്‍ കഴിയുന്നതു കെ മുരളീധരന് മധുര പ്രതികാരം കൂടിയാണ്. അതിനാണു മുരളീധരന്‍ തന്ത്രപൂര്‍വം സുധാകരനൊപ്പം നില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകാര്യം ചെയ്യുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ വെല്ലുവിളിക്കാന്‍ സുധാകരന്‍ – സതീശന്‍ സഖ്യത്തിനു ധൈര്യം പകരുന്നത് രാഹുല്‍ ഗാന്ധിയാണ്. അതിനാല്‍ പരസ്യ പ്രതികരത്തിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കില്ലെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്.

വി എം സുധീരന്‍ ഇത്തരത്തില്‍ ചില നീക്കം നടത്തിയെങ്കിലും പുകച്ചു പുറത്തു ചാടിച്ചപോലെ ഇനിയും ഇത്തരം തന്ത്രങ്ങള്‍ മെനയാന്‍ ഗ്രൂപ്പുകളെ അനുവദിക്കാതെ ഒരു പുത്തന്‍ ഗ്രൂപ്പിലേക്ക് പ്രവര്‍ത്തകരേയും അണികളേയും കൂട്ടുകയെന്ന വലിയ തന്ത്രങ്ങളാണ് സുധാകരന്‍ സതീശന്‍ സംഘം മെനയുന്നത്.

ഇതിനാല്‍ 11 ജില്ലകളില്‍ ഒറ്റപ്പേരുമാത്രമുള്ള ചുരുക്കപ്പട്ടികയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. തര്‍ക്കമുള്ള മൂന്നു ജില്ലയിലടക്കം സമവായമുണ്ടാക്കി പെട്ടെന്ന് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍, വൈസ് പ്രസിഡന്റുമാരായ കൊടുക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ് എന്നിവര്‍ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് പ്രത്യേക കേഡര്‍മാരെ കണ്ടെത്തിയാണ് ഡി സി സി പ്രസിഡന്റ് പദവിയിലേക്കു കൊണ്ടുവരുന്നത്. ഗ്രൂപ്പ് നോമിനികളല്ലാതെ ഈ മികച്ച അവസരം ലഭിക്കുന്നവര്‍ പുതിയ ഗ്രൂപ്പിലേക്കു കൂടുമാറുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

വേണുഗോപാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ കേരളത്തില്‍ രൂപപ്പെടുന്ന പുതിയ ഗ്രൂപ്പില്‍ ചേരാതെ കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന അവസ്ഥയുടെ പ്രഖ്യാപിക്കുന്നതു കൂടിയായിരിക്കും ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക. എന്നാല്‍ പുതിയ ഗ്രൂപ്പിന്റെ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും വേണ്ടിവന്നാല്‍ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഗ്രൂപ്പ് മാനേജര്‍മാര്‍ താഴോട്ട് അറിയിച്ചു കഴിഞ്ഞു.

ഡിസിസി പ്രസിഡന്റുമാരില്‍ 8:6 അനുപാതമാണ് എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് അഭിമാന ഡി സി സി കള്‍. ഐ ഗ്രൂപ്പ് പരമ്പരാഗതമായി കൈവശം വച്ചു പോന്നിരുന്ന ഇതില്‍ കോഴിക്കോട് ഒഴികെ രണ്ടും എ തട്ടിയെടുത്തിരുന്നു. ഇത്തവണ കോഴിക്കോടും അവര്‍ക്കു പോകും.
എത്ര തര്‍ക്കമുണ്ടായാലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ആലപ്പുഴയില്‍ ചെന്നിത്തലയും നിര്‍ദേശിക്കുന്നവരായിരുന്നു ഡി സി സി പ്രസിഡന്റുമാര്‍. ഇത്തവണ ഇവിടെയും കെ സി വേണുഗോപാല്‍ കൈയ്യടക്കുമെന്നാണു സൂചന.

ഡി സി സി പ്രസിഡന്റ് പട്ടികയില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നോമിനികളെ പൂര്‍ണമായി ഒഴിവാക്കി രണ്ടു പ്രമുഖ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തിന്റെ കാലം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുകയാണു മുഖ്യ ലക്ഷ്യം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest