Connect with us

Kozhikode

പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന് മര്‍കസില്‍ സ്വീകരണം നല്‍കി

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

Published

|

Last Updated

ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് മര്‍കസിന്റെ സ്‌നേഹോപഹാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ കൈമാറുന്നു.

കോഴിക്കോട്| കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വര്‍ഷത്തെ ചെയര്‍മാനായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറുമായ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് മര്‍കസില്‍ സ്വീകരണം നല്‍കി. മര്‍കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മസ്ജിദുല്‍ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് പുതിയ ചെയര്‍മാനെ സ്വീകരിച്ചത്.

ശേഷം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണ സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് സാരഥിയും ഹുസൈന്‍ സഖാഫിയുടെ പ്രധാന ഗുരുനാഥനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസിന്റെ ആദരം നല്‍കി. ന്യൂനപക്ഷ വിഷയങ്ങളിലും സാമുദായിക വിഷയങ്ങളിലും സജീവ ശ്രദ്ധയും പങ്കാളിത്തമുള്ള സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ബഹുഭാഷാ പണ്ഡിതന്‍, അഭിഭാഷകന്‍ എന്ന നിലയിലും അഡ്വ. ഹുസൈന്‍ സഖാഫിയുടെ നേതൃത്വം ഹജ്ജ് കമ്മിറ്റിക്ക് ഗുണം ചെയ്യുമെന്ന് കാന്തപുരം പറഞ്ഞു. സഖാഫി ശൂറയുടെയും ജാമിഅ സ്റ്റാഫ് കൗണ്‍സിലിന്റെയും മര്‍കസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ഹാജിമാരുടെ സേവനത്തിനായി എന്നും കൂടെയുണ്ടാകുമെന്നും കേരളത്തില്‍ നിന്നുള്ള തീര്‍ഥാടന യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറുപടി പ്രസംഗത്തില്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

സംഗമത്തില്‍ മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി വള്ളിയാട്, പ്രൊഫ. കെ വി ഉമറുല്‍ ഫാറൂഖ്, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു. പി മുഹമ്മദ് യൂസുഫ് സ്വാഗതവും കെ കെ ശമീം നന്ദിയും പറഞ്ഞു.

 

 

 

Latest