National
പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.
![](https://assets.sirajlive.com/2024/02/nirmala-sitharaman-897x538.jpg)
ന്യൂഡല്‍ഹി|കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തെ അപേക്ഷിച്ച് 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്.
നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കുപകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും.
ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്ക് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
ഭാഷ ലളിതമാക്കല്‍, തര്‍ക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകള്‍ നീക്കംചെയ്യല്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഏഴായിരത്തോളം നിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇവകൂടി പരിഗണിച്ചാണ് പുതിയ ആദായ നികുതി ബില്‍ തയാറാക്കിയത്.