Uae
അബൂദബിയിൽ പുതിയ ഏകീകൃത ഊർജ വിതരണ കമ്പനി പ്രഖ്യാപിച്ചു
2025 ജനുവരി മുതൽ ഉപഭോക്താക്കൾക്ക് അവരുടെ ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകളിലും ബ്രാഞ്ചുകളിലും പുതിയ ബ്രാൻഡ് കാണാനാകും.
അബൂദബി | അബൂദബി നാഷണൽ എനർജി കമ്പനി (താഖ) പുതിയ ഏകീകൃത ഊർജ വിതരണ കമ്പനി പ്രഖ്യാപിച്ചു. താഖ ഡിസ്ട്രിബൂഷൻ ആയിരിക്കും പുതിയ ബ്രാൻഡ്. അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനിയും (എ ഡി ഡി സി) അൽ ഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയും (എ എ ഡി സി) ഒരൊറ്റ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. എമിറേറ്റിലുടനീളം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരൊറ്റ സ്ഥാപനമായി ഇത് പ്രവർത്തിക്കും.
2025 ജനുവരി മുതൽ ഉപഭോക്താക്കൾക്ക് അവരുടെ ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകളിലും ബ്രാഞ്ചുകളിലും പുതിയ ബ്രാൻഡ് കാണാനാകും. താഖയുടെ പരിവർത്തനത്തിലും വളർച്ചയിലും ഒരു നാഴികക്കല്ലാണ് ഈ നീക്കം. ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ വികസിപ്പിക്കാനും പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും കൂടുതൽ വളർച്ചക്ക് അവസരങ്ങൾ തേടാനും ഇത് പ്രാപ്തമാക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
കൂടാതെ, താഖയുടെ ഉടമസ്ഥതയിലുള്ള ഓപറേറ്റിംഗ് കമ്പനികളെയും റീബ്രാൻഡ് ചെയ്യും. അബൂദബി ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനി (ട്രാൻസ്‌കോ) താഖ ട്രാൻസ്മിഷൻ ആയി മാറും. വൈദ്യുതി, ജല പ്രക്ഷേപണ സൗകര്യങ്ങളുടെ പ്രവർത്തനത്തിനും വികസനത്തിനും നേതൃത്വം നൽകുന്നതാണിത്.
മലിനജല ശുദ്ധീകരണ സൗകര്യങ്ങളുടെ പ്രവർത്തനത്തിനും റീസൈക്കിൾ ചെയ്ത ജലത്തിന്റെ ഉത്പാദനത്തിനും നേതൃത്വം നൽകുന്ന സസ്റ്റൈനബിൾ വാട്ടർ സൊല്യൂഷൻസ് ഹോൾഡിംഗ്‌സ്, താഖ വാട്ടർ സൊല്യൂഷൻസ് എന്ന് പുനർനാമകരണം ചെയ്യും. അബൂദബി എനർജി സർവീസസ്, താഖ എനർജി സർവീസസ് ആയി മാറും.
ഓപറേറ്റിംഗ് കമ്പനികളുടെ ബ്രാൻഡുകളിലെ ഈ മാറ്റങ്ങൾ, കമ്പനിയുടെ പ്രവർത്തനങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള അവബോധത്തിനും ധാരണക്കും വലിയ ഉത്തേജനം നൽകുമെന്ന് താഖ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ജാസിം ഹുസൈൻ താബിത് പറഞ്ഞു.