articles
നവകേരളം; വ്യവസായ കേരളം
സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫീസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചത് മുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻ സർക്കാറിന് സാധിച്ചു.

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റിഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നേടി. അത് കേരളത്തിന്റെ “സംരംഭകവർഷം’ പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എം എസ് എം ഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016ൽ അധികാരമേറ്റ ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫീസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചത് മുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻ സർക്കാറിന് സാധിച്ചു. ഇതിന്റെ തുടർച്ചയിൽ, ഈ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരുടെ പൂർണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നു കയറിയത്. ഇതിനുശേഷം ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിലുൾപ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തിൽ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതൽ വലിയ ഓഫീസുകൾ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും കടന്നുവരുന്നു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ “ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025′ ഈ മാസം 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും. കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അന്പതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപ സംഗമത്തിന് മുന്പായി കേരളം സംഘടിപ്പിച്ചു.
ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബൈയിലും ഇൻഡസ്ട്രിയൽ റോഡ്‌ഷോ സംഘടിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷനൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷനൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകൾ നാം പൂർത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകർ ഈ ഘട്ടത്തിൽ നമ്മുടെ നാടിന്റെ അംബാസഡർമാരായി മാറി.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്
352 പരിഷ്‌കാര പരിപാടികൾ പറഞ്ഞതിൽ 340 എണ്ണവും നടപ്പാക്കി കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റിഫോംസിൽ ഒന്നാമതെത്തി. ഒന്പത് മേഖലകളിൽ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്രാപ്രദേശിന് അഞ്ച് ഇനങ്ങളിലും ഗുജറാത്തിന് മൂന്ന് ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. ടോപ്പ് അച്ചീവർ ലിസ്റ്റിൽ ടോപ്പ് അച്ചീവർ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്‌കാരം ഡൽഹിയിൽ വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് യൂനിയൻ മിനിസ്റ്റർ പീയൂഷ് ഗോയൽ കൈമാറി. പൂർണമായും സംരംഭകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സർക്കാറിൽ സംരംഭകർ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ കൂടി തെളിവാണ്. 28ാം റാങ്കിൽ നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തെ സംരംഭകരെയാകെ ചേർത്തുപിടിച്ചുകൊണ്ട് നാം മുന്നോട്ടുപോകുകയാണ്. ഈ വർഷവും നിക്ഷേപ സൗഹൃദ സൂചികയിൽ യൂനിയൻ ഗവൺമെന്റ്ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളിൽ 99 ശതമാനവും കേരളം പൂർത്തിയാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1,410 കോടി രൂപയുടെ എം എസ് എം ഇ പാക്കേജാണ്.
ഇതിന് പിന്നാലെ ഫിക്കി, സി ഐ ഐ, കെ എസ് എസ് ഐ എ, ട്രേഡ് യൂനിയനുകൾ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ഇവരുടെ ആവശ്യങ്ങളിൽ ഞങ്ങൾ നടപടികൾ കൈക്കൊണ്ടു. 50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്ത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും ഞങ്ങൾ പാസ്സാക്കി. വ്യവസായശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു.
സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപവത്കരിച്ചു. മതിയായ കാരണമില്ലാതെ സംരംഭകന് സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശിപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരം നൽകി. ഇൻവെസ്റ്റ് കേരള ഹെൽപ് ഡെസ്‌കും എം എസ് എം ഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവിൽ പരാതികൾ പരിഹരിക്കാൻ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കിൽ പ്രതിഫ
ലിച്ചിട്ടുണ്ട്.
വലിയ നിക്ഷേപങ്ങൾ
സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പാക്കിയ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാൻ നമുക്ക് സാധിച്ചു. ഐ ബി എം, എച്ച് സി എൽ ടെക്, നോവ് ഐ എൻ സി, സ്ട്രാഡ ഗ്ലോബൽ, ഡി-സ്‌പേസ്, സാഫ്രാൻ, ആക്‌സിയ ടെക്‌നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികൾ നിക്ഷേപം നടത്തി.
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. ഐ ബി എമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ട് വർഷത്തിനിടെ രണ്ട് പദ്ധതികൾ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്. എച്ച് സി എൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂനിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐ ബി എം, എച്ച് സി എൽ ടെക്, മേഴ്‌സഡസ് ബെൻസ്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐ ബി എസ്, അദാനി ഗ്രൂപ്, ഏൺസ്റ്റ് ആൻഡ് യംഗ്, ടാറ്റ എൽക്‌സി, യു എസ് ടി ഗ്ലോബൽ, അഡെസ്സോ ഗ്ലോബൽ, അഗാപ്പെ, നോവ് ഐ എൻ സി, കോങ്ങ്‌സ്‌ബെർഗ്, ഡി-സ്‌പേസ്, ആക്‌സിയ ടെക്‌നോളജീസ്, സിസ്‌ട്രോം, സാഫ്രാൻ, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്, ലുലു, ചോയിസ്, വി കെ സി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്‌കറ്റ്‌സ്, ബേക്കർടില്ലി-പിയേറിയൻ, ട്രാസ്‌ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ച് രംഗത്തുവന്നു.
സംരംഭക വർഷം
ദീർഘകാലത്തിന് ശേഷം കേരളത്തിന്റെ വ്യവസായമേഖലക്ക് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിത്തന്ന പദ്ധതിയാണ് “സംരംഭക വർഷം’. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ എം എസ് എം ഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്ടീസായും അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ അംഗീകാരവും നേടിയ പദ്ധതി. ഈ വർഷം മുസൂറിയിലെ ഐ എ എസ് ട്രെയിനിംഗിലും കേരളത്തിന്റെ സംരംഭക വർഷം പദ്ധതി പഠനവിഷയമാണ്. പ്രതിവർഷം 10,000 സംരംഭങ്ങൾ ആരംഭിച്ചിരുന്ന കേരളത്തിൽ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22,135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും ഈ പദ്ധതിയിലൂടെയുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്.