Connect with us

Articles

നവ കേരളം സാധ്യമാണ്‌

മതനിരപേക്ഷമായി നിലനില്‍ക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി, നമ്മുടെ സാമുദായിക സൗഹൃദം തകര്‍ത്ത് ഇവിടേക്ക് വര്‍ഗീയതയുടെ വിഷം കുത്തിവെക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം യഥാര്‍ഥ കേരളത്തെ അവതരിപ്പിക്കലാണ്. അതിനുള്ള ഉത്തമ മാര്‍ഗം കൂടിയാണ് കേരളീയം.

Published

|

Last Updated

68ാം കേരളപ്പിറവി വേളയില്‍ സംസ്ഥാനം ഒരു പുതിയ ചുവടുവെക്കുകയാണ്, “കേരളീയം 2023′. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണ് കേരളീയം.

കേരളം ഭൂമിയിലെ തന്നെ അത്യപൂര്‍വ ദേശമാണ്. ഈ അപൂര്‍വത ലോകം മുഴുവന്‍ സഞ്ചരിച്ചവര്‍ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാര്‍ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേല്‍വിലാസമായത് അങ്ങനെയാണ്. പല ദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകള്‍ ഒരുമിച്ച് ഈ നാട്ടില്‍ സമ്മേളിക്കുന്നത് അത്യപൂര്‍വതയല്ലാതെന്താണ്? ദേശസൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷം കൊണ്ടും നാം മലയാളികള്‍ വ്യതിരിക്തരാണ്.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഇന്ത്യയുടെ തെക്കേയറ്റത്തെ, പരിമിതികള്‍ ഏറെയുള്ള ഈ കൊച്ചുദേശം ലോകഭൂപടത്തില്‍ ഇന്ന് ഒരു മരതകക്കല്ലു പോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനേ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും നമുക്ക് ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ട് കിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസ്സഹമാക്കിയ ഇരുണ്ട കാലം.

അവിടെ നിന്ന് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ നമ്മെ വെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്തി. സമരതീക്ഷ്ണമായ കാലം കടന്ന് നാം അവകാശങ്ങള്‍ നേടിയെടുത്തു. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്സിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങള്‍ നമ്മെ സഹായിച്ചു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനനയം നടപ്പാക്കാനും ആ വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കാനും നമുക്ക് കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസി ക്ഷേമം, കൃഷി, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്. ഇങ്ങനെ കേരളം ആര്‍ജിച്ച നേട്ടങ്ങളും ഈ ദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനതകള്‍ക്ക് മാതൃകയായി. വികസനത്തിന്റെ കേരള മാതൃക എന്ന വിശേഷണം വരെ ഉടലെടുത്തു.

കൊവിഡ് മഹാമാരിയും അതിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തില്‍ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. നാം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളുടെ കരുത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് മുന്നോട്ടു കുതിക്കേണ്ടതുണ്ട്. ആ കുതിപ്പിന്റെ പാഠങ്ങള്‍ ലോകമെമ്പാടുമുള്ള ജനതതികള്‍ അറിയേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തില്‍ കേരളത്തെ ലോകത്തിനു മുമ്പില്‍ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് കേരളീയം.

സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ കേരളീയത്തിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. നമ്മുടെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യവും വൈദഗ്ധ്യവും നമുക്ക് പ്രയോജനപ്പെടും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് അവരുടെ നാടുകളില്‍ പറയുന്നത്, എഴുതുന്നത് കേരളത്തിന്റെ ഭാവിക്ക് വളരെയധികം പ്രയോജനപ്പെടും.

വിവിധ മേഖലകളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഓരോ വിഭാഗത്തിനും പ്രത്യേക ട്രേഡ് ഫെയറുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ട്രേഡ് ഫെയര്‍, ട്രൈബല്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബല്‍ ട്രേഡ് ഫെയര്‍, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകള്‍ക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകള്‍ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയ ക്ലാസ്സിക്കല്‍, പ്രാക്തന കലാരൂപങ്ങളും കേരളീയത്തിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടും.
കേരളത്തിന്റെ പ്രത്യേകതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകള്‍ എന്തൊക്കെ, അവ നമ്മുടെ സമൂഹത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്തുകൊണ്ട് കൂടിയാണ് കേരളീയം അരങ്ങേറുക. ലോകം മാറുമ്പോള്‍ നമ്മള്‍ മാറേണ്ടതില്ല, അല്ലെങ്കില്‍ നമുക്കൊരിക്കലും വികസിത-പരിഷ്‌കൃത നാടുകളെപ്പോലെയാകാന്‍ കഴിയില്ല എന്ന ചിന്തയോടെ അടഞ്ഞു ജീവിക്കേണ്ട ഒരു സമൂഹമല്ല കേരളീയ സമൂഹം.

കേരളീയ സമൂഹം ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ലോകമലയാളി എന്ന സങ്കല്‍പ്പം തന്നെ ഉയര്‍ന്നുവന്നിരിക്കുന്നു. എത്തിച്ചേര്‍ന്ന ദേശങ്ങളിലെല്ലാം ആ നാടിന്റെ സാമൂഹിക മുന്നേറ്റത്തില്‍ മലയാളി സമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നാടുകള്‍ക്ക് കേരളത്തോട് വലിയ താത്പര്യവുമുണ്ട്. ആ താത്പര്യത്തെ പുതിയ തലത്തിലേക്ക് കേരളീയം ഉയര്‍ത്തും.

ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയുടെ നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മള്‍ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജം പകരും.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്ന കാലം കൂടിയാണിത്. ഇത് ഓരോ കേരളീയനും വേദനാജനകമാണ്. യഥാര്‍ഥ കേരളത്തെ ലോകസമക്ഷം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഇതിനുള്ള മറുപടി. മതനിരപേക്ഷമായി നിലനില്‍ക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി, നമ്മുടെ സാമുദായിക സൗഹൃദം തകര്‍ത്ത് ഇവിടേക്ക് വര്‍ഗീയതയുടെ വിഷം കുത്തിവെക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗവും യഥാര്‍ഥ കേരളത്തെ അവതരിപ്പിക്കലാണ്. അതിനുള്ള ഉത്തമ മാര്‍ഗം കൂടിയാണ് കേരളീയം.

നവകേരള നിര്‍മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയില്‍ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാര്‍ന്ന കാലവും കടന്ന് കേരളം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കും. ആരും വിശന്നിരിക്കാത്ത, ഒരാള്‍ക്കു മുന്നിലും നീതിയുടെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടാത്ത, സുരക്ഷിത ഭവനവും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള, മികച്ച ചികിത്സാ സൗകര്യങ്ങളുള്ള, അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവുമുള്ള, ജീവിത വിഭവങ്ങള്‍ തുല്യമായി പങ്കുവെക്കപ്പെടുന്ന, അഴിമതിരഹിതമായ, പൗരബോധമുള്ള ജനതയാല്‍ പരിരക്ഷിക്കപ്പെടുന്ന ഒരു നവകേരളമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

കേരളത്തിന്റെ പരിമിതികളെയും പരാധീനതകളെയും കുറിച്ച് വിലപിച്ചിരുന്ന പലരും കേരളത്തിന് പലതും സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നുപോകുന്നത്. പ്രതിസന്ധികളെ സമര്‍ഥമായി മറികടന്ന് മുന്നേറുന്ന പരിഷ്‌കൃത സമൂഹമായി മാറാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്ന ഈ മാറ്റം നമുക്ക് തുടരാനാകണം. നമ്മുടെ നാടിനെക്കുറിച്ച് അഭിമാനിക്കുന്ന, ഈ നാടിന്റെ കുതിപ്പിന് ഒത്തൊരുമിച്ച് കരുത്ത് പകരുന്ന നമ്മുടെ ‘കേരളീയത’ ഒരു വികാരമാകണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം.

അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് പൊതുതാത്പര്യത്തിനായി ഒരേ മനസ്സോടെ മുന്നേറണം. ജാതി-മത-ലിംഗ ഭേദമില്ലാതെ, സമത്വഭാവനയോടെ പരിലസിക്കുന്ന, ഇന്ത്യക്കാകെ അഭിമാനം നല്‍കുന്ന കേരളീയതയെക്കുറിച്ച് ലോകവുമറിയണം. കേരളീയം അതിനുള്ള അവസരമാണ്.

കേരള മുഖ്യമന്ത്രി