prathivaram story
പുത്തനറിവ്
കുട്ടിക്കാലത്ത് ചോറുരുളകൾക്കൊപ്പം മുത്തശ്ശിയിൽനിന്നും കേട്ട ചെറിയ കഥകളാണ് അയാൾക്ക് പിന്നീട് വായനക്ക് പ്രചോദനമായത്. ജീവിതത്തിലെ സംഭവത്തിന്റെയൊ അനുഭവത്തിന്റെയോ ഗദ്യത്തിലുള്ള ചിത്രാവിഷ്കാരമായ കഥകൾ ജീവിതത്തിന്റെ കണ്ണാടികൂടിയാണെന്നുള്ളത് ഒരു വലിയ തിരിച്ചറിവായിരുന്നു.
ഏതോ ഒരു ഓഫീസ് കവാടത്തിൽ വെച്ച് കൈയിൽനിന്ന് ഊർന്നുവീണ കടലാസുകൾ പെറുക്കിയെടുക്കാൻ സഹായിച്ച അയാളോട് ഒരു നന്ദിവാക്ക് പറയാൻ വിട്ടുപോയത് മനസ്സിലൊരു കുറ്റബോധമായി തങ്ങിനിന്നു. ആ പുഞ്ചിരിക്കുന്ന മുഖം പലയിടത്തും പരതിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെയാണ് റോഡ് മുറിച്ചുകടക്കാൻ ഒരു വൃദ്ധയെ സഹായിക്കുന്ന അയാളെ ശ്രദ്ധയിൽപെട്ടത്.
അടുത്തുപോയി പരിചയപ്പെട്ട് അൽപ്പം സംസാരിക്കാനായി തൊട്ടടുത്ത തണൽമരത്തിനടിയിലെ ബെഞ്ചിലിരുന്നു. ഇടക്കുവെച്ച് മുഖത്ത് കാണുന്ന ആ പ്രസരിപ്പിന്റെയും ഉന്മേഷത്തിന്റെയും കാരണമന്വേഷിച്ചതാണ് പിന്നീടുള്ള സംസാരത്തെ വായനയിലേക്കെത്തിച്ചത്. നല്ല കഥകളും മറ്റ് പുസ്തകങ്ങളും ധാരാളം വായിച്ചതിലൂടെ കിട്ടിയ അറിവും മനുഷ്യന്റെ കടമകളെ പറ്റിയുള്ള അവബോധവുമാണത്രെ ലക്ഷ്യപ്രാപ്തി മുന്നിൽ കണ്ടുള്ള പ്രയാണം ആനന്ദത്തിലും സന്തോഷത്തിലുമാകാൻ കാരണമായത്.
കുട്ടിക്കാലത്ത് ചോറുരുളകൾക്കൊപ്പം മുത്തശ്ശിയിൽനിന്നും കേട്ട ചെറിയ കഥകളാണ് അയാൾക്ക് പിന്നീട് വായനക്ക് പ്രചോദനമായത്. ജീവിതത്തിലെ സംഭവത്തിന്റെയൊ അനുഭവത്തിന്റെയോ ഗദ്യത്തിലുള്ള ചിത്രാവിഷ്കാരമായ കഥകൾ ജീവിതത്തിന്റെ കണ്ണാടികൂടിയാണെന്നുള്ളത് ഒരു വലിയ തിരിച്ചറിവായിരുന്നു.
കഥയിലൂടെ അല്ലെങ്കിൽ വായനയിലൂടെ കഥാപാത്രങ്ങൾക്കൊപ്പമുള്ള നമ്മുടെ സഞ്ചാരം ഒരുപാട് പരിചയപ്പെടലുകൾക്കും അതുവഴി മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുവാനും അവരുടെ കാഴ്ചപ്പാടിലൂടെ കാണാനും സഹിഷ്ണുതയും സഹാനുഭൂതിയും ആർജിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
അൽപ്പം നീണ്ടുപോയ സംസാരത്തിൽനിന്ന് കിട്ടിയ ഉപദേശങ്ങളിൽ എടുത്തുപറയേണ്ടത് സുഖദുഃഖങ്ങൾക്ക് തുല്യത നൽകി അവയെ ഉൾക്കൊള്ളാനും സഹജീവികളോട് അനുകമ്പ കാണിക്കാനും കഴിയുന്നിടത്താണ് ജീവിതവിജയം എന്നുള്ളതാണ്. പരസ്പരം പുണർന്ന് പുഞ്ചിരിതൂകുന്ന മുഖവുമായി അയാൾ നടന്നകന്നപ്പോൾ മനസ്സിൽ വായനയോടുള്ള പ്രണയം നാമ്പിടുകയായിരുന്നു.