Connect with us

Uae

യു എ ഇയില്‍ സ്‌കൂള്‍ ബസുകളില്‍ യാന്ത്രിക തീയണയ്ക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി പുതിയ നിയമം

സ്‌കൂള്‍ ബസുകള്‍ക്ക് പുറമെ, 22-ല്‍ അധികം യാത്രക്കാരുള്ള എല്ലാ പുതിയതും നിലവിലുള്ളതുമായ ബസുകള്‍ക്കും നിയമം ബാധകമാണ്.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്‍ജിനിലെ തീവ്രമായ തീ കണ്ടെത്തി യാന്ത്രികമായി അണയ്ക്കുന്ന സാങ്കേതികവിദ്യ ബസുകളില്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. ഏകദേശം അഞ്ച് ലക്ഷം കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാക്കുകയാണ് നടപടിയുടെ ലക്ഷ്യം.

എല്ലാ സ്‌കൂള്‍ ബസുകളിലും സര്‍ട്ടിഫൈഡ് തീയണയ്ക്കല്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമാണെന്ന് മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംവിധാനമില്ലാത്ത ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ പുതുക്കുകയോ ചെയ്യില്ല.

സ്‌കൂള്‍ ബസുകള്‍ക്ക് പുറമെ, 22-ല്‍ അധികം യാത്രക്കാരുള്ള എല്ലാ പുതിയതും നിലവിലുള്ളതുമായ ബസുകള്‍ക്കും ഈ നിയമം ബാധകമാണ്. യു കെ ആസ്ഥാനമായ റീയാക്ടണ്‍ ഫയര്‍ സപ്രഷന്‍, വാഹന സുരക്ഷാ ഉത്പന്നങ്ങള്‍ നല്‍കുന്ന ടാബ്രയുമായി സഹകരിച്ച് 17,000 സ്‌കൂള്‍ ബസുകളില്‍ ഈ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഇതിനോടകം 2,500-ലധികം സംവിധാനങ്ങള്‍ സ്ഥാപിച്ചു. 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഒരു സംഭവത്തില്‍ ഗുരുതര അപകടം തടഞ്ഞതായും കമ്പനി അധികൃതര്‍ പറഞ്ഞു.

ഭാവിയില്‍ ക്രെയിനുകള്‍, ഫ്രെയ്റ്റ് വാഹനങ്ങള്‍, ഹെവി മെഷീനറികള്‍, സൈനിക വാഹനങ്ങള്‍, ട്രെയിനുകള്‍ എന്നിവയിലേക്കും നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. വാര്‍ഷിക ഗുണനിലവാര പരിശോധനകളിലൂടെ നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും.

 

Latest