Education
കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ നിയമാവലി വരുന്നു; ഇന്ന് കാലിക്കറ്റ് സിൻഡിക്കേറ്റ് യോഗം ചേരും
കോപ്പിയടിച്ചവരുടെ പേപ്പറുകൾ ഇനി മൂല്യനിർണയത്തിന് അയക്കും
തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാല പരീക്ഷാ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിനൊരുങ്ങുന്നു. ഇന്നത്തെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചാൽ ഇത് നിയമമാകും. ഇതുവരെ പരീക്ഷക്കിടയിൽ കോപ്പിയടി പിടിച്ചാൽ എഴുതിയ പേപ്പർ തിരികെ വാങ്ങി വീണ്ടും എഴുതിക്കുകയാ എഴുതാൻ സമ്മതിക്കാതിരിക്കുകയോ ആയിരുന്നു ചെയ്തിരുന്നത്.
കോപ്പിയടിച്ചവരുടെ പേപ്പറുകൾ മൂല്യനിർണയം നടത്തിയിരുന്നില്ല. എന്നാൽ ഇനി മുതൽ കോപ്പിയടി പിടിച്ചാലും പരീക്ഷ എഴുതാം. ഇവരുടെ പേപ്പറുകൾ മൂല്യനിർണയം നടത്തുകയും വേണം. എന്നാൽ കോപ്പിയടിയുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ ഫലം പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
കോപ്പിയടിച്ച വ്യക്തിയിൽ നിന്ന് ഇൻവിജിലേറ്റർ എഴുതി വാങ്ങണം. പരീക്ഷ ചീഫ് സൂപ്രണ്ടിന് ഇൻവിജിലേറ്റർ കോപ്പിയടി റിപോർട്ട് ചെയ്യണം. പരീക്ഷ രജിസ്റ്ററിന്റെ നേരെ കോപ്പിയടി എന്ന് തെളിയിക്കാൻ എസ് എം പി എന്ന് രേഖപ്പെടുത്തണം. ബാർകോഡ് അനുസരിച്ചുള്ള ഉത്തരക്കടലാസിന്റെ ഒന്നും മൂന്നും പേപ്പറുകൾ ചീഫ് സൂപ്രണ്ട് ഫോട്ടോ കോപ്പിയെടുത്ത് അറ്റസ്റ്റ് ചെയ്യണം.
കോപ്പിയടിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർവകലാശാലയിലേക്ക് എത്തിക്കണം. കോപ്പിയടി പിടിച്ച ഉത്തരക്കടലാസുകൾ മറ്റ് പേപ്പറുകൾക്കൊപ്പം മൂല്യനിർണയത്തിന് അയക്കണം. ഇത്തരത്തിലുള്ള പുതിയ പരിഷ്‌കാരങ്ങൾക്ക് ഇന്ന് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകിയാൽ കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട പുതിയ നിയമാവലി ആയിത്തീരും.