Arikomban
അരിക്കൊമ്പന് പുതിയ സ്ഥലം: വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് റിപോർട്ട് നൽകും
ചിന്നക്കനാലിൽ സന്നാഹങ്ങൾ കൂടുതൽ കാലം തുടരാനാകില്ല.
കൊച്ചി | അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് റിപോർട്ട് മന്ത്രി എ കെ ശശീന്ദ്രന് നൽകും. ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി നിർദേശിച്ചിരുന്നു.
അനുയോജ്യമായ സ്ഥലത്തിനായി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. പ്രശ്‌നം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല.
ചിന്നക്കനാലിൽ സന്നാഹങ്ങൾ കൂടുതൽ കാലം തുടരാനാകില്ല. പറമ്പിക്കുളം മതിയെന്ന് കോടതിയിൽ പറയുന്നതുകൊണ്ട് നിയമപരമായി ഗുണമുണ്ടോയെന്ന് അറിയില്ല. കോടതിയിൽ സമയം നീട്ടിച്ചോദിക്കണോയെന്ന് പിന്നീട് തീരുമാനിക്കും. വിഷയത്തിൽ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വനം മന്ത്രി പറഞ്ഞു.
വനം, വന്യജീവി വിഷയങ്ങളിൽ ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാറിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.