Heavy rain
പുതിയ ന്യൂനമർദം; മഴയൊഴിയാതെ
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായതോ ശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്
തിരുവനന്തപുരം | മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് വീണ്ടും പുതിയ ന്യൂനമർദം രൂപപ്പെട്ടു. തുലാവർഷ സീസണിലെ എട്ടാമത്തെ ന്യൂനമർദമാണിത്. പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യത. കേരളത്തിൽ നിന്ന് അകന്ന് പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മധ്യ കിഴക്കൻ- തെക്കു കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായതോ ശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്.
19ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നഗരത്തിലും മലയോര പ്രദേശങ്ങളായ താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി എന്നിവടങ്ങളിലും മഴ ശക്തമായെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല. തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു. നാഗർകോവിൽ പാതയിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം നാലാം ദിനവും പുനഃസ്ഥാപിക്കാനായില്ല.