Business
അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങും
ലുലു റീട്ടെയിലും അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റും ധാരണയിലെത്തി.
അബൂദബി | അല്‍ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റും ധാരണയിലെത്തി. അബൂദബിയില്‍ നടന്ന ചടങ്ങില്‍ ലുലു റീട്ടെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാലയും അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഹംദാന്‍ അല്‍ കെത്ബിയും ലുലു ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു.
അല്‍ ഐന്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതിയ വാണിജ്യ കേന്ദ്രമായ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് 20,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്. പുതിയ പദ്ധതിക്കായി അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. ലോകോത്തരമായ ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് അല്‍ ഐനിലെ പുതിയ പദ്ധതിയെന്നും യൂസഫലി പറഞ്ഞു. ഈ വര്‍ഷം ഒകോടോബറോടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലുലു റീട്ടെയില്‍ ഗ്ലോബല്‍ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ വി ഐ സലീം, ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലീം, മുഹമ്മദ് അല്‍ത്താഫ്, ലുലു അല്‍ ഐന്‍ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.