Connect with us

Uae

അബൂദബിയില്‍ പുതിയ നിര്‍ബന്ധിത പോഷകാഹാര ഗ്രേഡിംഗ് സംവിധാനം

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ ഒന്നിനകം പരിശോധന നടത്തും

Published

|

Last Updated

അബൂദബി| അബൂദബിയില്‍ പുതിയ പോഷകാഹാര ഗ്രേഡിംഗ് സംവിധാനം ആരംഭിച്ചു. ന്യൂട്രി-മാര്‍ക്ക് ഇല്ലാത്ത ആറ് ഭക്ഷ്യ ഇനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ പിന്‍വലിക്കുകയും ബന്ധപ്പെട്ട കക്ഷികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ ജൂണ്‍ ഒന്നിനകം ഇതിനായി പരിശോധന നടത്തും. ഒരു ഇനത്തിന്റെ പോഷകമൂല്യത്തെ എ മുതല്‍ ഇ വരെ ഗ്രേഡ് ചെയ്യുന്ന സംവിധാനമാണ് ന്യൂട്രി-മാര്‍ക്ക്. എ ഏറ്റവും ആരോഗ്യകരമായ ഉത്പന്നമായി പരിഗണിക്കപ്പെടും. പദ്ധതിയുടെ ആദ്യ ഘട്ടം ബേക്ക് ചെയ്ത സാധനങ്ങള്‍, എണ്ണകള്‍, ഡയറികള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാനീയങ്ങള്‍ എന്നിവക്ക് ബാധകമാണ്.

തിരഞ്ഞെടുത്ത ഇനങ്ങളുടെ നിര്‍മാതാക്കളും പ്രാദേശിക ഏജന്റുമാരും അവരുടെ ഉത്പന്നങ്ങള്‍ കൃത്യമായി ഗ്രേഡ് ചെയ്യുന്നതിനും പാക്കേജിംഗിന്റെ മുന്‍വശത്ത് ന്യൂട്രി-മാര്‍ക്ക് ലേബലുകള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.സൂപ്പര്‍മാര്‍ക്കറ്റ് നിരീക്ഷണം നടത്തുകയും (ന്യൂട്രി-മാര്‍ക്ക് ലേബല്‍ ചെയ്ത) ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ എടുക്കുകയും ജൂണ്‍ ഒന്നിന് ശേഷം, ന്യൂട്രി മാര്‍ക്ക് ഇല്ലാത്ത ഉത്പന്നങ്ങള്‍ കണ്ടെത്തിയാല്‍, അവ പിന്‍വലിക്കുകയും ചില്ലറ വ്യാപാരികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് അബൂദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലിലെ സെന്‍ട്രല്‍ ടെസ്റ്റിംഗ് ലാബ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

പരിശോധിച്ച സാമ്പിള്‍ കൃത്യമല്ലാത്ത ഗ്രേഡിംഗ് കാണിക്കുകയാണെങ്കില്‍ അത് തിരിച്ചുവിളിക്കുകയും അതിന്റെ നിര്‍മാതാവിന് പിഴ ചുമത്തുകയും ചെയ്യും. പിഴയുടെ മൂല്യം പിന്നീട് തീരുമാനിക്കും. അധിക ചിലവ് വരുന്നതാണെങ്കിലും എല്ലാ വിതരണക്കാരും ഇത് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ നുഐമി പറഞ്ഞു. അമിതവണ്ണത്തെ നേരിടാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്്മദ് അല്‍ ഖസ്‌റജി പറഞ്ഞു.

‘അബൂദബി നിവാസികളില്‍ രേഖപ്പെടുത്തിയിട്ടുള്ള അമിതഭാരമുള്ളവരുടെ നിരക്ക് 61 ശതമാനത്തിലെത്തിയിട്ടുണ്ട്. അതില്‍ 22 ശതമാനം പൊണ്ണത്തടിയുള്ളവരാണ്. അമിതഭാരമുള്ള കുട്ടികളുടെ നിരക്ക് 37 ശതമാനവും അതില്‍ 18 ശതമാനം പൊണ്ണത്തടിയുള്ളവരാണ്. ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ സംഖ്യകള്‍ ഭാവിയില്‍ കൂടുതല്‍ ഭയാനകമായേക്കാം. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാത്രമാണ് ഈ കണക്ക്. യഥാര്‍ഥ സംഖ്യ ഒരുപക്ഷേ കൂടുതലായിരിക്കാം.’ ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. സമാനമായ റേറ്റിംഗ് സംവിധാനം പല രാജ്യങ്ങളിലും വിജയകരമായി പിന്തുടരുന്നുണ്ട്. ഹലാല്‍ സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് യു എ ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ചില തരം ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അല്‍ നുഐമി വിശദീകരിച്ചു.

 

 

Latest