Kerala
നേതൃത്വം പിടിക്കാന്‍ പുതിയ ആവശ്യം; സംഘടനാ തിരഞ്ഞെടുപ്പുവേണമെന്നു ഗ്രൂപ്പുകള്‍
ഗ്രൂപ്പുകള്‍ക്ക് അതീതമായി കേരളത്തില്‍ നിന്ന് സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം ഉയര്‍ന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കമാന്റ് തയ്യാറാണെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ.
കോഴിക്കോട് | ഗ്രൂപ്പ് വീതംവെപ്പ് ചോദ്യം ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായി പരമ്പരാഗത ഗ്രൂപ്പുകള്‍ തന്ത്രം മാറ്റുന്നു. കരുണാകരനും ആന്റണിയും മുതല്‍ ഗ്രൂപ്പുകള്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുന്ന രീതി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യഥേഷ്ടം തുടരുകയായിരുന്നു. ഇപ്പോള്‍ ഇരു ഗ്രൂപ്പുകളുടേയും മേധാവിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജനാധിപത്യ രീതിയിലുള്ള സംഘടനാ തിരഞ്ഞെടുപ്പു തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്തുവരുന്നത്.
കേരളത്തില്‍ ഡി സി സി പ്രസിഡന്റുമാരെ ഹൈക്കമാന്റ് കെട്ടിയിറക്കിയതിനെ പരസ്യമായി ചോദ്യം ചെയ്ത് ‘കല്ലില്‍ കടിച്ചു പല്ലുകളയേണ്ടെന്ന നിലപാടിലേക്കു മാറുകയാണ് പതിയെ ഗ്രൂപ്പു മാനേജര്‍മാര്‍. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന സംഘടനാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സംഘടനാ തിരഞ്ഞെടുപ്പാണെന്ന നിലപാടിലേക്ക് അവര്‍ എത്തുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഹൈക്കമാന്‍ഡിനു മുന്നില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഗ്രൂപ്പുകള്‍.
ഹൈക്കമാന്റിന്റെ പൂര്‍ണ പിന്‍തുണയോടെയാണ് കേരളത്തില്‍ പരമ്പരാഗത ഗ്രൂപ്പുകളെ വെട്ടിനിരത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഏറ്റുമുട്ടലിന്റെ മാര്‍ഗം അവസാനിപ്പിക്കാനാണ് എ, ഐ ഗ്രൂപ്പ് തലവന്‍മാരുടെ തീരുമാനം. കെ സി വേണുഗോപാല്‍ ഹൈക്കമാന്റില്‍ നിര്‍ണായക സ്വാധീനമുള്ള കേരളത്തിലെ ഏറ്റവും പവര്‍ ഫുള്‍ നേതാവാണെന്നു തിരിച്ചറിഞ്ഞതോടെ ഇനി പരസ്യമായ ഒരു നീക്കവും വേണ്ടെന്നുള്ള ധാരണയിലാണ് ഗ്രൂപ്പ് നേതൃത്വം. സമ്പൂര്‍ണമായി കീഴടങ്ങി എന്ന പ്രതീതിയുണ്ടായാല്‍ ഗ്രൂപ്പിനു പിന്നില്‍ അണിനിരന്ന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കളം വിടും എന്ന അപകടവും അവര്‍ കാണുന്നു. അതിനായി മേലേ തലം മുതല്‍ താഴേ തട്ടുവരെ ഗ്രൂപ്പുകളുടെ ആശയ വിനിമയം നടക്കുന്നുണ്ട്.
കെ സി വേണുഗോപാലിനെതിരെ സംസാരിച്ചാല്‍ തലതെറിക്കും എന്നതിനാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെ ചില പ്രതിഷേധം ഉയര്‍ത്തി തല്‍ക്കാലം തടിയൂരാനാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ തീരുമാനം. കേരളത്തിലെ ഡി സി സി പുനഃസംഘടനാ ചര്‍ച്ചകള്‍ താരിഖ് അന്‍വര്‍ മോശമായാണ് കൈകാര്യം ചെയ്തതെന്നും ഇതിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നുമാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ പറയുന്നത്. താരിഖ് അന്‍വര്‍ പ്രവര്‍ത്തിച്ചത് കെ സി വേണുഗോപാല്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഗ്രൂപ്പുകള്‍ക്ക് അറിയാഞ്ഞിട്ടല്ല ഈ ആരോപണം. കെ സി വേണുഗോപാലിനെതിരെ പരാതി ഉന്നയിച്ചാല്‍ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന ആവശ്യത്തിനു ബലമില്ലാതെ പോവും എന്നതിനാലാണ് താരിഖ് അന്‍വറിനെതിരെ പരാതി പറയുന്നത്.
ഗ്രൂപ്പുകള്‍ക്ക് അതീതമായി കേരളത്തില്‍ നിന്ന് സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം ഉയര്‍ന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കമാന്റ് തയ്യാറാണെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. സംഘടനാ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ ഗ്രൂപ്പുകള്‍ക്ക് നഷ്ടപ്പെട്ട പദവികള്‍ മത്സരത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഗ്രൂപ്പ് തലവന്‍മാരെ നയിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തെ ആര്‍ക്കും തടയാനോ പാര്‍ട്ടി വിരുദ്ധമെന്ന് മുദ്രകുത്താനോ കഴിയില്ല. ഈ തന്ത്രം മുന്നില്‍ വച്ചാണ് ഗ്രൂപ്പു നേതാക്കള്‍ ഇപ്പോള്‍ ജനാധിപത്യ മുഖം മൂടി അണിയുന്നതെന്നാണ് കെ സുധാകരന്‍ വി ഡി സതീശന്‍ വിഭാഗം കരുതുന്നത്.
ഗ്രൂപ്പുകളുടെ ശക്തിപ്രഭാവം അവസാനിച്ചതോടെ പാര്‍ട്ടി പിടിക്കാന്‍ ഇനി എന്തൊക്കെ വഴികളായിരിക്കും അവര്‍ സ്വീകരിക്കക എന്ന്് ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് നേതൃത്വം.