Connect with us

National

ചന്ദ്രനിൽ നിന്ന് പുതിയ ചിത്രങ്ങൾ; വിക്രം ലാൻഡറിന്റെ ചിത്രം പകർത്തിയത് ചന്ദ്രയാൻ രണ്ടിലെ റഡാർ

ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലുള്ള ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSAR) ഉപകരണമാണ് ചിത്രം പകർത്തിയത്

Published

|

Last Updated

ബംഗളൂരു | ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ട് ഓർബിറ്റർ. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലുള്ള ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSAR) ഉപകരണമാണ് ചിത്രം പകർത്തിയതെന്ന് ഐ എസ് ആർ ഒ അറിയിച്ചു. സെപ്തംബർ ആറിന് പകർത്തിയ ചിത്രം ഐഎസ്ആർഒ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നുവെങ്കിലും ഇതിന്റെ ഓർബിറ്റർ പ്രവർത്തനക്ഷമമാണ്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് ഈ ഓർബിറ്റർ തന്നെയാണ് പ്രയോജനപ്പെടുത്തിയിരുന്നത്.


ഒരു ചാന്ദ്രപകൽ, അഥവാ 14 ദിവസം നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ളീപ് മോഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രനിൽ ഇരുട്ട് വീണതോടെ സോളാർ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ രണ്ട് പേടകങ്ങൾക്കും പ്രവർത്തനം തുടരാനാകാത്തതിനെ തുടർന്നാണ് ഇവയെ സ്ലീപ് മോഡിലേക്ക് മാറ്റിയത്.

ഇരുൾ മൂടുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില മൈനസ് 238 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. വിക്രമിനും പ്രഗ്യാനും ഇത്രയും തണുപ്പ് സഹിച്ച് വീണ്ടും നിൽക്കാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. സെപ്തംബർ 22നാണ് ചന്ദ്രനിൽ അടുത്ത സൂര്യോദയം. ഭാഗ്യമുണ്ടെങ്കിൽ പ്രഗ്യാൻ റോവറും ലാൻഡറുമെല്ലാം അന്ന് ഉറക്കിൽ നിന്ന് എഴുന്നേൽക്കും. അല്ലെങ്കിൽ ഈ ഉറക്കം എന്നെന്നേക്കുമുള്ള ഉറക്കമായി മാറുകയും ചെയ്യും.

Latest