Uae
അജ്മാനിൽ പുതിയ റിയൽ എസ്റ്റേറ്റ് നിയമം നിലവിൽ വന്നു
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമം രൂപപ്പെടുത്തിയത്.

അജ്മാൻ| അജ്മാനിൽ പുതിയ റിയൽ എസ്റ്റേറ്റ് നിയമം അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പ്രഖ്യാപിച്ചു. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമം രൂപപ്പെടുത്തിയത്. നിർദിഷ്ട പ്രദേശങ്ങളിലെ മൂന്ന് തരം സ്വത്തുക്കളെ നിയന്ത്രിക്കുന്നതാണ് നിയമം. സംയുക്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായുള്ള വികസിപ്പിക്കാത്ത ഭൂമി, പുനർവികസനത്തിനായുള്ള ശോഷിച്ച കെട്ടിടങ്ങൾ, റിയൽ എസ്റ്റേറ്റ് സംഭാവന സംവിധാനത്തിലൂടെ പൂർത്തിയാകുന്ന നിർമാണത്തിലിരിക്കുന്ന പദ്ധതികൾ എന്നിവക്ക് ഇത് ബാധകമാകും.
മൂലധനം ആകർഷിക്കുക, നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുക, റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത മെച്ചപ്പെടുത്തുക എന്നീ അജ്മാൻ സർക്കാരിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നതാണ് ഇത്. ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്ക് പ്രാഥമിക അനുമതി നൽകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് പങ്ക് വഹിക്കും.
ഒരു കേന്ദ്രീകൃത റിയൽ എസ്റ്റേറ്റ് രജിസ്റ്റർ സ്ഥാപിക്കും. ഈ രജിസ്റ്ററിൽ ഡവലപ്പർമാർ, നിക്ഷേപകർ, ഉടമസ്ഥാവകാശ ഓഹരികൾ, സ്വത്തിന്റെ വലുപ്പം, പദ്ധതി ഭേദഗതികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പദ്ധതി വിവരങ്ങൾ രേഖപ്പെടുത്തും. ഇത് ഡിജിറ്റലായോ ഫിസിക്കലായോ നിലനിർത്താം എന്നും നിയമം വ്യക്തമാക്കുന്നു.