Connect with us

Uae

ഷാർജയിൽ പുതിയ വാടക നിയമം; വാടക തർക്ക കേന്ദ്രം സ്ഥാപിക്കും

ജുഡീഷ്യൽ പദവിയിലായിരിക്കും ഇത് പ്രവർത്തിക്കുക.

Published

|

Last Updated

ഷാർജ | എമിറേറ്റിലെ പുതിയ പാട്ടക്കരാർ നിയമം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. ഭൂവുടമകൾ കരാറുകൾ ഇഷ്യൂ ചെയ്ത് 15 ദിവസത്തിനുള്ളിൽ അംഗീകരിക്കണമെന്ന് നിയമം നിർബന്ധമാക്കുന്നു.

വാടക വർധനക്ക് പരിധി ഏർപ്പെടുത്തുകയും വാടക കരാർ അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നതാണ് നിയമം. നിയമപ്രകാരം, വാടക കരാർ ആരംഭിച്ച് മൂന്ന് വർഷം കഴിയുന്നതുവരെ രണ്ട് കക്ഷികളും ഒരു മാറ്റത്തിന് പരസ്പരം സമ്മതിക്കുന്നില്ലെങ്കിൽ വാടക വർധിപ്പിക്കാൻ കഴിയില്ല. മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ വാടക വർധനവ് സ്വീകരിച്ചാൽ തുടർന്ന് രണ്ട് വർഷത്തേക്കും വാടക വർധിപ്പിക്കാൻ കഴിയില്ല. ഏത് വാടക വർധനയും ന്യായമായിരിക്കണം. ന്യായമായ വാടക എങ്ങനെ കണക്കാക്കാമെന്ന് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് വിശദീകരിക്കും.

വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമം അഭിസംബോധന ചെയ്യുന്നു. രണ്ട് കക്ഷികൾക്കും വാടക കരാർ അവസാനിപ്പിക്കുന്ന സാഹചര്യങ്ങളും നിർവചിച്ചിട്ടുണ്ട്. വാണിജ്യ, വ്യാവസായിക അല്ലെങ്കിൽ പ്രൊഫഷനൽ ഉപയോഗത്തിന് കരാർ ആരംഭിച്ച് അഞ്ച് വർഷത്തിന് മുമ്പ് സ്വത്ത് ഒഴിയാൻ ഭൂവുടമക്ക് അഭ്യർഥിക്കാനാവില്ല.

കരാർ നേരത്തെ അവസാനിപ്പിക്കുകയാണെങ്കിൽ, രണ്ട് കക്ഷികളും ഒരു ക്രമീകരണത്തിന് സമ്മതിക്കുന്നില്ലെങ്കിൽ, ബാക്കിയുള്ള കരാർ കാലാവധിക്കുള്ള വാടകയുടെ 30 ശതമാനമെങ്കിലും വാടകക്കാരൻ ഭൂവുടമക്ക് നൽകണമെന്നും നിയമം വ്യക്തമാക്കുന്നു. നിയമമനുസരിച്ച്, ഷാർജയിൽ “വാടക തർക്ക കേന്ദ്രം’ എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കും. ജുഡീഷ്യൽ പദവിയിലായിരിക്കും ഇത് പ്രവർത്തിക്കുക.