Connect with us

first bell

ഫസ്റ്റ്‌ബെൽ ക്ലാസ്സുകൾക്ക് പുതിയ സമയക്രമം

ഫസ്റ്റ്‌ബെൽ ക്ലാസ്സുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസ്സുകളും ഒരുമിച്ച് നടത്തുന്നതിനെ തുടർന്ന് ആദ്യ രണ്ടാഴ്ചക്കുള്ള ഡിജിറ്റൽ ക്ലാസ്സുകളുടെ സമയക്രമം കൈറ്റ് ക്രമീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | നാളെ സ്‌കൂളുകൾ തുറക്കുമ്പോൾ നേരിട്ടുള്ള ക്ലാസ്സുകൾക്കൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ ക്ലാസ്സുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസ്സുകളും ഒരുമിച്ച് നടത്തുന്നതിനെ തുടർന്ന് ആദ്യ രണ്ടാഴ്ചക്കുള്ള ഡിജിറ്റൽ ക്ലാസ്സുകളുടെ സമയക്രമം കൈറ്റ് ക്രമീകരിച്ചു.

നാളെ മുതൽ 12 വരെ കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസ്സുകൾ പ്ലസ്ടു കുട്ടികൾക്ക് രാവിലെ എട്ട് മണി മുതൽ 11.00 മണി വരെ ആയിരിക്കും. ഈ ആറ് ക്ലാസ്സുകളും രാത്രി 07.30 മുതൽ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചൽ രാവിലെ 11.00 മണിക്കും എട്ടാം ക്ലാസ്സുകാർക്ക് രണ്ട് ക്ലാസ്സുകൾ 11.30 മുതലും ഒന്പതാം ക്ലാസ്സുകാർക്ക് മൂന്ന് ക്ലാസ്സുകൾ ഉച്ചക്ക് 12.30 മുതലും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. ഉച്ചക്ക് ശേഷമാണ് ഒന്ന് മുതൽ ഏഴുവരേയും പത്താം ക്ലാസ്സിനും സംപ്രേഷണം ചെയ്യുക.
ഉച്ചക്ക് 02.00, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളുടെ സംപ്രേഷണം. പത്താം ക്ലാസ്സിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതൽ 07.00 വരെയാണ്. പത്തിലെ ക്ലാസ്സുകളും അടുത്ത ദിവസം രാവിലെ 06.30 മുതൽ പുനഃസംപ്രേഷണം നടത്തും.

കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവൻ ക്ലാസ്സുകളുടേയും പുനഃസംപ്രേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി ഇ ഒ. കെ അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 08.00 മണി മുതൽ 09.30 വരെ പത്താം ക്ലാസ്സും വൈകുന്നേരം 03.30 മുതൽ 06.30 വരെ പ്ലസ് ടു ക്ലാസ്സുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒമ്പത് ക്ലാസ്സുകൾ ഉച്ചക്ക് 01.00 മണിക്കും 02.00 മണിക്കുമാണ് സംപ്രേഷണം.

ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകാർക്ക് അര മണിക്കൂർ വീതമുള്ള ക്ലാസ്സുകൾ രണ്ടാം ചാനലിൽ തുടർച്ചയായി രാവിലെ 09.30 മുതൽ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും. ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസ്സുകൾ നിലവിൽ പത്താം ക്ലാസ്സിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈസ്‌ക്കൂൾ വിഭാഗത്തിലെ 35,446 അധ്യാപകർക്ക് പരിശീലനം നൽകി. പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലോഗിൻ വിലാസം നൽകിക്കഴിഞ്ഞു.

നവംബർ ആദ്യവാരത്തോടെ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികൾക്കുകൂടി ലോഗിൻ ഐ ഡി നൽകി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും.
അധ്യാപക പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് നവംബർ ഒമ്പതിനും 12നും ഇടയിൽ പ്ലസ്ടു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും.

Latest