editorial
മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷാ പരിശോധന
പുതിയ സുരക്ഷാ പരിശോധനക്ക് അംഗീകാരം നേടിയത് കേരളത്തിന്റെ വിജയമായി കാണുന്നുണ്ടെങ്കിലും പരിശോധനക്ക് നിയോഗിക്കപ്പെടുന്ന സമിതിയുടെ നിലപാട് ഇതില്‍ പ്രധാന ഘടകമാണ്. സമിതിയെ നിയോഗിക്കേണ്ടത് തമിഴ്‌നാടാണ്.
കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധമായി വിദഗ്ധ സമിതി പരിശോധന നടത്താനുള്ള തീരുമാനം. തിങ്കളാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ജലകമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ്, പരിശോധന 2026ല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളി ഈ വര്‍ഷം തന്നെ പരിശോധന നടത്താന്‍ തീരുമാനിച്ചത്. 12 മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് അണക്കെട്ടില്‍ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഒരു പൊതുതാത്പര്യ ഹരജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചതാണ്. എന്നാല്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി ആദ്യം നടക്കട്ടെ എന്നിട്ടാകാം പരിശോധനയെന്നു പറഞ്ഞ് തമിഴ്‌നാട് സുരക്ഷാ പരിശോധന ദീര്‍ഘിപ്പിക്കുകയായിരുന്നു.
130 വര്‍ഷം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. നിര്‍മാണ കാലത്ത് 60 വര്‍ഷം പഴക്കമാണ് അണക്കെട്ടിന്റെ സുരക്ഷിതത്വത്തിന് കാലാവധി കണക്കാക്കിയതെന്നിരിക്കെ, അതിന്റെ കാലപ്പഴക്കം ഭീതി ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, ചുണ്ണാമ്പുകല്ലും കത്തിച്ച ഇഷ്ടികപ്പൊടിയും ചേര്‍ത്ത മിശ്രിതം (സുര്‍ഖി) ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. ഈ മിശ്രിതം പലയിടത്തും അടര്‍ന്ന് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാലപ്പഴക്കവും വെള്ളപ്പൊക്കവും ഭൂകമ്പവും മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധ പക്ഷം.
ഇതിനു മുമ്പ് 2011ലാണ് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി വിദഗ്ധ സുരക്ഷാ പരിശോധന നടത്തിയത്. 2011ലെ പരിശോധനക്കു ശേഷം അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയിലെ കാലാവസ്ഥക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂചലന നിര്‍ണയ മാനദണ്ഡമനുസരിച്ച് റിക്ടര്‍ സ്‌കെയില്‍ 6.5 വരെ ഭൂചലനമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പെട്ടതാണ് അണക്കെട്ട് നിലനില്‍ക്കുന്ന പ്രദേശം. മുന്‍കാലങ്ങളില്‍ വല്ലപ്പോഴുമൊരിക്കല്‍ ഭൂചലനം ഉണ്ടാകാറുള്ള പ്രദേശത്ത് സമീപ കാലത്ത് ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്നു. ഭൂചലനത്തിന്റെ ഇടവേള കുറയുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 2018ലെ മഹാപ്രളയത്തിന് മേഖല സാക്ഷ്യം വഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷാ പരിശോധനക്കു പുറമെ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയസുരക്ഷ, ഓപറേഷന്‍ സുരക്ഷ എന്നിവ പരിശോധനക്ക് വിധേയമാക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലപ്പഴക്കവും സുരക്ഷാഭീഷണിയും കണക്കിലെടുത്ത് പുതുക്കിപ്പണിയണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. തമിഴ്‌നാടിന്റെ ശക്തമായ എതിര്‍പ്പ് മൂലമാണ് ഇത് അംഗീകരിക്കപ്പെടാത്തത്. പുതിയ അണക്കെട്ട് നിര്‍മാണത്തിനുള്ള മുഴുവന്‍ ചെലവും കേരളം വഹിച്ചുകൊള്ളാമെന്നും മുല്ലപ്പെരിയാറില്‍ നിന്ന് നിലവില്‍ തമിഴ്‌നാടിനു ലഭിക്കുന്ന ജലത്തേക്കാള്‍ കൂടുതല്‍ നല്‍കാമെന്നും കേരളം അറിയിച്ചിട്ടും തമിഴ്‌നാട് വഴങ്ങുന്നില്ല. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ നിയോഗിക്കപ്പെടുന്ന സമിതികളെ സ്വാധീനിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് തങ്ങളുടെ നിലപാടിന് അംഗീകാരം നേടിയെടുക്കുകയായിരുന്നു അവര്‍.
പുതിയ സുരക്ഷാ പരിശോധനക്ക് അംഗീകാരം നേടിയത് കേരളത്തിന്റെ വിജയമായി കാണുന്നുണ്ടെങ്കിലും പരിശോധനക്ക് നിയോഗിക്കപ്പെടുന്ന സമിതിയുടെ നിലപാട് ഇതില്‍ പ്രധാന ഘടകമാണ്. സ്വതന്ത്ര വിദഗ്ധര്‍ ഉള്‍പ്പെടുന്നതായിരിക്കണം സമിതിയെന്ന് അണക്കെട്ട് മേല്‍നോട്ട സമിതി നിര്‍ദേശിച്ചിട്ടുണ്ട്. എങ്കിലും സമിതിയെ നിയോഗിക്കേണ്ടത് തമിഴ്‌നാടാണ്. തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നവരെയായിരിക്കും തമിഴ്‌നാട് പരിഗണിക്കുക. ഈ സാഹചര്യത്തില്‍ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിന്റെ പ്രതിനിധികള്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ളവരായിരിക്കണം. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിന്റെ വാദമുഖങ്ങള്‍ വേണ്ടതു പോലെ അവതരിപ്പിക്കാന്‍ കഴിയാതെ പോയതാണ് മുമ്പ് നിയമിതമായ സുരക്ഷാ പരിശോധനാ സമിതികളുടെ തീരുമാനങ്ങള്‍ കേരളത്തിന് പ്രതികൂലമായതിന്റെ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കം ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ പതിയൊരു നിര്‍ദേശവുമായി രംഗത്തു വന്നിട്ടുണ്ട് മെട്രോമാന്‍ ഇ ശ്രീധരന്‍. മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ ടണലുകള്‍ നിര്‍മിക്കുകയും ഈ വെള്ളം ശേഖരിക്കുന്നതിന് തമിഴ്‌നാട്ടില്‍ പുതിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും ചെയ്യുകയെന്നതാണ് ശ്രീധരന്‍ മുന്‍വെക്കുന്ന നിര്‍ദേശങ്ങള്‍. ഇതുവഴി ഡാമിലെ ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്താനാകുമെന്നതാണ് ശ്രീധരന്റെ കണക്കുകൂട്ടല്‍. ഇതോടൊപ്പം ഡാമില്‍ അറ്റകുറ്റപ്പണികള്‍ കൂടി നടത്തിയാല്‍ അടുത്ത 50 വര്‍ഷത്തേക്ക് യാതൊരു സുരക്ഷാ പ്രശ്‌നവും ഭയക്കേണ്ടതില്ലെന്നും പറയുന്നു അദ്ദേഹം. പുതിയ ഡാം നിര്‍മാണം 10-15 വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നും വന്‍ സാമ്പത്തിക ചെലവ് വരുമെന്നും മെട്രോമാന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ശ്രീധരന്റെ നിര്‍ദേശങ്ങള്‍ ഡാം സുരക്ഷാ ഭീഷണിക്ക് താത്കാലിക പരിഹാരമായേക്കാമെങ്കിലും കേരളത്തിന്റെ മറ്റുപല താത്പര്യങ്ങള്‍ക്കും ഹാനികരമാകുമെന്നാണ് വിദഗ്ധ പക്ഷം. അണക്കെട്ടില്‍ വെള്ളം കൂടുതല്‍ താഴ്ന്നാല്‍ തേക്കടി തടാകം വറ്റും. ഇത് പതിനായിരക്കണക്കിന് പക്ഷികളുടെയും ജലജീവികളുടെയും അപൂര്‍വയിനം മത്സ്യങ്ങളുടെയും നാശത്തിന് വഴിയൊരുക്കും. സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലെ ടൂറിസത്തെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതോപാധിയെയും ബാധിക്കും. ശ്രീധരന്റെ നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാറിന് യോജിപ്പില്ല. അണക്കെട്ടിന്റെ പുനര്‍ നിര്‍മാണമെന്ന സംസ്ഥാനത്തിന്റെ നിലപാടിന് സഹായകമാകും പുതിയ സുരക്ഷാ പരിശോധനയെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.