International
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ സംഘം, കണ്‍സള്‍ട്ടേഷന്‍ സംവിധാനം; യു എസ്-റഷ്യ ചര്‍ച്ചക്ക് ഉജ്ജ്വല പരിസമാപ്തി
മൂന്ന് വര്‍ഷം മുമ്പ് റഷ്യ യുക്രൈനിനെതിരെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷം ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ച.

റിയാദ് | യുക്രൈനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരുന്നതിന് യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ക്കായി യു എസും റഷ്യന്‍ ഉദ്യോഗസ്ഥരും സഊദി തലസ്ഥാനമായ റിയാദില്‍ യോഗം ചേര്‍ന്നു. ഉഭയകക്ഷി ചര്‍ച്ച നാലര മണിക്കൂര്‍ നീണ്ടു. മൂന്ന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു,
യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് ആറ് ദിവസത്തിനു ശേഷമാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് സഊദി തലസ്ഥാനമായ റിയാദിലെ ദിരിയ കൊട്ടാരം വേദിയായത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും പരമാധികാര സമ്പത്ത് ഫണ്ടിന്റെ തലവനായ കിറില്‍ ദിമിത്രിയേവും ചര്‍ച്ചകളില്‍ റഷ്യയെ പ്രതിനിധീകരിച്ചു. യു എസ് പ്രതിനിധി സംഘത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, ട്രംപിന്റെ മിഡില്‍ ഈസ്റ്റിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, സഊദി ദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സഊദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
മൂന്ന് വര്‍ഷം മുമ്പ് റഷ്യ യുക്രൈനിനെതിരെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷം ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയാണിത്. 2022 ഫെബ്രുവരി 24-ന് റഷ്യ നടത്തിയ യുക്രൈന്‍ അധിനിവേശത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വിപുലമായ ബന്ധമാണ് കൂടിക്കാഴ്ചയിലൂടെ അടയാളപ്പെടുത്തുന്നതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം, ആഗോള സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കുന്നതിനുള്ള സഊദിയുടെ ശ്രമങ്ങളുടെ ഭാഗമായി റഷ്യയും-അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുകയായിരുന്നു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാതെയുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം അസാധ്യമാണെന്നും ആവശ്യമെങ്കില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി സംസാരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തയ്യാറാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു,
യോഗ തീരുമാനങ്ങള്‍
ഉന്നയിക്കാന്‍ ആഗ്രഹിച്ച എല്ലാ വിഷയങ്ങളിലും വളരെ ഗൗരവമേറിയ ചര്‍ച്ചകളാണ് നടന്നതെന്ന് യോഗത്തിനു ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാകോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപക്ഷവും പരസ്പരം താത്പര്യങ്ങളും ഉഭയകക്ഷി ബന്ധവും മുന്നോട്ട് കൊണ്ടുപോകാനും നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
നയതന്ത്ര ദൗത്യങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുക ലക്ഷ്യം വച്ച് ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ഒരു കണ്‍സള്‍ട്ടേഷന്‍ സംവിധാനം സ്ഥാപിക്കും. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി പുതിയ സംഘത്തെ നിയമിക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. യുക്രൈനിലെ സംഘര്‍ഷം പൂര്‍ണമായും അവസാനിപ്പിച്ചതിനു ശേഷം ഉയര്‍ന്നുവരുന്ന പരസ്പര ഭൗമരാഷ്ട്രീയ താത്പര്യങ്ങളുടെയും ചരിത്രപരമായ സാമ്പത്തിക, നിക്ഷേപ അവസരങ്ങളുടെയും കാര്യങ്ങളില്‍ പുതിയ സഹകരണത്തിന് അടിത്തറയിടും.
യൂറോപ്യന്‍ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച പാരീസില്‍ പ്രധാന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. യുക്രൈനിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു. അതേസമയം, യുക്രൈനിലേക്ക് സമാധാന സേനയെ അയയ്ക്കാനുള്ള സാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. യുക്രൈനിന്റെ പങ്കാളിത്തമില്ലാതെ ഉണ്ടാക്കുന്ന ഒരു സമാധാന കരാറും അംഗീകരിക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
2008-ല്‍ നാറ്റോയുടെ ബുക്കാറസ്റ്റ് ഉച്ചകോടിയില്‍ യുക്രൈന്‍ സംഘടനയില്‍ അംഗമാകുമെന്ന് നല്‍കിയ വാഗ്ദാനം നാറ്റോ നിരാകരിക്കണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. സമാധാനം ലളിതമായ വെടിനിര്‍ത്തല്‍ മാത്രം ആകരുതെന്നും, യുക്രൈനില്‍ സമഗ്രവും നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനവും യൂറോപ്പിലെ സുരക്ഷയും ഉറപ്പാക്കുന്ന കരാറാണ് ആവശ്യമെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുക്രൈന്‍ പ്രതിനിധി കീത്ത് കെല്ലോഗുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.